യുവാക്കളെ ലക്ഷ്യമിട്ട് ടിവികെ പ്രകടനപത്രിക; തൊഴില്‍രഹിതര്‍ക്ക് പ്രതിമാസ ധനസഹായം
ചെന്നൈ: നടന്‍ വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) യുവാക്കളെ ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. തൊഴില്‍രഹിതരായ ബിരുദധാരികള്‍ക്ക് പ്രതിമാസം 4,000 രൂപയും ഡിപ്ലോമധാരികള്‍ക്ക് 2,000 രൂപയും നല്‍കുമെന്നതാണ് പ്രധാന വാഗ്ദാനം. അധികാരം ലഭിച്ചാല്‍ പ്ലസ് ടു മുതല്‍ പിഎച്ച്ഡി വരെയുള്ള പഠനങ്ങള്‍ക്ക് 20 ലക്ഷം രൂപവരെ ഈടില്ലാത്ത പലിശരഹിത വായ്പ നല്‍കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. കൂടാതെ സ്വകാര്യപൊതുമേഖലകളിലായി വര്‍ഷം അഞ്ചുലക്ഷം ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ബിരുദധാരികള്‍ക്ക് പ്രതിമാസം 10,000 രൂപ സ്‌റ്റൈപ്പെന്‍ഡും നല്‍കുമെന്നും വാഗ്ദാനം ചെയ്യുന്നു.
സ്വയം തൊഴില്‍ ആരംഭിക്കാന്‍ 25 ലക്ഷം രൂപവരെ പലിശരഹിത വായ്പയും നല്‍കും. തമിഴ്‌നാട്ടിലെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കുന്നതിനായി 75 ശതമാനം നിയമനങ്ങള്‍ സ്വദേശികള്‍ക്ക് നല്‍കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നികുതി, വൈദ്യുതി ഇളവുകള്‍ അനുവദിക്കുമെന്നും ടിവികെ വ്യക്തമാക്കി. ആദ്യമായി വോട്ട് ചെയ്യാനെത്തുന്നവരും 20 മുതല്‍ 40 വയസ്സുവരെയുള്ള യുവജന വോട്ടര്‍മാരുമാണ് പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യം. മയക്കുമരുന്ന് രഹിത തമിഴ്‌നാട് സൃഷ്ടിക്കുമെന്നും പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് വിജയ് പ്രഖ്യാപിച്ചു.
