ടിവികെ നേതാവ് വിജയ് വടക്കന്‍ ചെന്നൈയിലെ പെരമ്പൂര്‍ മണ്ഡലത്തില്‍ മല്‍സരിക്കും
വിജയ് പെരമ്പൂരില്‍ മല്‍സരിക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടു
ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ വിജയ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വടക്കന്‍ ചെന്നൈയിലെ പെരമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ചേക്കും. മുതിര്‍ന്ന നേതാക്കളായ ബുസി ആനന്ദ്, സെങ്കോട്ടയ്യന്‍, ആധവ് അര്‍ജുന എന്നിവര്‍ പങ്കെടുത്ത തമിഴക വെട്രി കഴകം(ടിവികെ)യോഗത്തില്‍ വിജയ് പെരമ്പൂരില്‍ മല്‍സരിക്കണമെന്ന പ്രമേയം പാസാക്കി. ടിവികെ നേതാക്കളില്‍ പ്രമുഖനായ ആദവ് അര്‍ജുനയാണ് പ്രമേയം അവതരിപ്പിച്ചത്. ടിവികെയുടെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ സെക്രട്ടറിയാണ് ആദവ് അര്‍ജുന.
വടക്കന്‍ ചെന്നൈയിലെ ഒരു മണ്ഡലമാണ് വിജയിയുടെ മനസിലെന്ന് ആദവ് പറഞ്ഞപ്പോള്‍, പെരമ്പൂരില്‍ ടിവികെയ്ക്ക് 40,000 പ്രവര്‍ത്തകരുണ്ടെന്ന് ആനന്ദ് അവകാശപ്പെട്ടു. കഴിഞ്ഞ രണ്ടു തവണയും അരലക്ഷത്തിലേറെ വോട്ടിന് ഡിഎംകെ ജയിച്ച മണ്ഡലമാണ് പെരമ്പൂര്‍. ന്യൂനപക്ഷ വോട്ടുകള്‍ ഏറെയുള്ള തിരുച്ചിറപ്പള്ളി ഈസ്റ്റിലും വിജയ് മല്‍സരിക്കാന്‍ സാധ്യതയുണ്ട്. നേരത്തെ വേളാച്ചേരി, വിരുഗമ്പാക്കം സീറ്റുകളും വിജയ്ക്കായി ടിവികെ പരിഗണിച്ചിരുന്നു.
പ്രവര്‍ത്തകരുടെ ആവശ്യം ടിവികെ ജനറല്‍ സെക്രട്ടറി ബുസി ആനന്ദ് സ്ഥിരീകരിച്ചു. ആദവ് അര്‍ജുന കൊണ്ടുവന്ന പ്രമേയം ഞങ്ങള്‍ സ്വീകരിച്ചു. ഇക്കാര്യം ദളപതി വിജയിയോട് അഭ്യര്‍ഥിക്കുമെന്നും ആനന്ദ് പ്രതികരിച്ചു. വെല്ലുവിളി നേരിടുന്ന മണ്ഡലത്തില്‍ മല്‍സരിക്കാനാണ് വിജയ്ക്ക് താല്‍പ്പര്യമത്രെ. ദാരിദ്ര്യം അനുഭവിക്കുന്ന ജനങ്ങളുള്ള, പിന്നാക്കം നില്‍ക്കുന്ന പ്രദേശമുള്ള, അടിസ്ഥാന സൗകര്യം കുറവുള്ള മണ്ഡലത്തില്‍. ഇത്തരം മണ്ഡലത്തില്‍ വികസനം എത്തിക്കുന്നതാണ് നേട്ടമെന്ന് വിജയ് കരുതുന്നു എന്നാണ് ടിവികെ നേതാക്കള്‍ പറയുന്നത്. വടക്കന്‍ ചെന്നൈയിലെ മിക്ക മണ്ഡലങ്ങളും ഈ ഗണത്തില്‍ വരുന്നതാണെന്നാണ് ആദവ് അര്‍ജുന പറയുന്നത്. പെരമ്പൂര്‍, കൊളത്തൂര്‍, ആര്‍കെ നഗര്‍ തുടങ്ങി ആറ് മണ്ഡലങ്ങളാണ് വടക്കന്‍ ചെന്നൈയിലുള്ളത്.
