കോണ്‍ഗ്രസുമായി കൂടിക്കാഴ്ച്ച നടത്തി ടിവികെ നേതാവ് വിജയ്

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യം രൂപീകരിക്കാനുള്ള സാധ്യത തേടിയാണെന്നുള്ള റിപോര്‍ട്ടുകളുണ്ട്

Update: 2025-12-06 11:11 GMT

ചെന്നൈ: കോണ്‍ഗ്രസ് നേതാവ് പ്രവീണ്‍ ചക്രവര്‍ത്തിയുമായി കൂടിക്കാഴ്ച്ച നടത്തി ടിവികെ നേതാവ് വിജയ്. ഇതോടെ തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ടിവികെയും കോണ്‍ഗ്രസും. വിജയ്യുടെ ചെന്നൈ പട്ടിണമ്പാക്കത്തെ വസതിയിലായിരുന്നു കൂടിക്കാഴ്ച്ച. രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവായ പ്രവീണ്‍ ചക്രവര്‍ത്തി വിജയ്യുമായി കൂടിക്കാഴ്ച്ച നടത്തിയത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യം രൂപീകരിക്കാനുള്ള സാധ്യത തേടിയാണെന്നുള്ള റിപോര്‍ട്ടുകളുണ്ട്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയുമായുള്ള സഖ്യം തുടരുമെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിച്ച് പറയുന്നതിനിടെയാണ് ഈ കൂടിക്കാഴ്ച നടന്നിരിക്കുന്നത്.

അതേസമയം, തിരുച്ചിറപ്പള്ളിയില്‍ കോണ്‍ഗ്രസ് വക്താവും മുതിര്‍ന്ന നേതാവുമായ തിരുച്ചി വേലുസാമി വിജയ്യുടെ പിതാവുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സ്വകാര്യ ചടങ്ങിനു ശേഷം ഇരുവരും കാറില്‍ നാലു മണിക്കൂറോളം ചര്‍ച്ച നടത്തിയെന്നാണ് വിവരം. എന്നാല്‍ പുറത്തുവരുന്ന വിവരങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ ടിവികെ തയ്യാറായിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് സംബന്ധിച്ച് തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി(ടിഎന്‍സിസി)ചുമതലയുള്ള ഗിരീഷ് ചോദങ്കറിന്റെ നേതൃത്വത്തിലുള്ള വോട്ടെടുപ്പ് പാനല്‍ പ്രതിനിധി സംഘം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ടിവികെ നേതാവും കോണ്‍ഗ്രസ് നേതാവും തമ്മിലുള്ള കൂടിക്കാഴ്ച നടന്നതെന്നാണ് റിപോര്‍ട്ടുകള്‍.

Tags: