കല്‍പ്പറ്റ: മണ്ണിടിച്ചിലുണ്ടായ താമരശേരി ചുരം വഴി ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടും. ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടേതാണ് തീരുമാനം.
എന്നാല്‍, മഴ ശക്തമായി പെയ്യുന്ന സമയങ്ങളില്‍ വാഹന ഗതാഗതം അനുവദിക്കില്ല. മഴ കുറയുന്ന സമയത്ത് ഒറ്റലൈനായി ചെറു വാഹനങ്ങളെ കടത്തിവിടൂ. റോഡില്‍ താമരശേരി, വയനാട് ഭാഗങ്ങളില്‍ ഇതിനായുള്ള ക്രമീകരണങ്ങള്‍ വരുത്താനും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇതുവഴി പോകുന്ന വാഹനങ്ങള്‍ ജാഗ്രതയോടെയും വേഗത കുറച്ചും സഞ്ചരിക്കണം.
അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും കലക്ടര്‍ അറിയിച്ചു. വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങളും കണ്ണൂര്‍ റോഡും ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം ചുരത്തിലെ ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിക്കാന്‍ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ രാജന്‍ വ്യക്തമാക്കി. ചുരത്തിന്റെ 80 അടി മുകളില്‍ നിന്ന് ബ്ലോക്കായിട്ടാണ് പൊട്ടലുണ്ടായത്. അതിനാല്‍ സോയില്‍ പൈപ്പിംഗ് ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണം. ഭാരം കയറ്റിയ വാഹനങ്ങള്‍ റിസ്‌ക്കെടുത്ത് ഇപ്പോള്‍ വിടുന്നത് സുരക്ഷിതമല്ലെന്നും റോഡിന്റെ താഴത്തേക്ക് വിള്ളല്‍ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.
