വ്യാപാരകരാര്‍ വൈകിയതിനെ തുടര്‍ന്ന് ദക്ഷിണ കൊറിയയ്‌ക്കെതിരേ 25% താരിഫ് വര്‍ധിപ്പിക്കുമെന്ന് ട്രംപ്
സോള്‍: യുഎസുമായുള്ള വ്യാപാരകരാര്‍ അംഗീകരിക്കുന്നതില്‍ ദക്ഷിണകൊറിയ വൈകിയതിനെ തുടര്‍ന്ന് രാജ്യത്തിന് മേലുള്ള താരിഫ് 15 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി ഉയര്‍ത്തുമെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രൂത്ത് സോഷ്യല്‍ വഴിയാണ് ട്രംപ് ഈ തീരുമാനം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം യുഎസ്-ദക്ഷിണകൊറിയ രാജ്യങ്ങള്‍ തമ്മില്‍ ഒപ്പുവച്ച വ്യാപാരകരാറിന് ദക്ഷിണകൊറിയന്‍ നിയമസഭയുടെ അംഗീകാരം ലഭിക്കാന്‍ വൈകുന്നതാണ് നടപടിക്ക് കാരണമെന്ന് ട്രംപ് വ്യക്തമാക്കി. ഓട്ടോമൊബൈല്‍, തടി, ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് ഉയര്‍ന്ന താരിഫ് ബാധകമാകുമെന്നാണ് സൂചന. അതേസമയം, ഇതുസംബന്ധിച്ച് യുഎസിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.
ജൂലൈയില്‍ പരസ്പര താരിഫ് 25 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറയ്ക്കാമെന്ന യുഎസ് വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുരാജ്യങ്ങളും വ്യാപാരകരാറില്‍ എത്തിയത്. കരാര്‍ പ്രകാരം യുഎസ് വ്യവസായ മേഖലകളില്‍ 350 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ദക്ഷിണകൊറിയ സമ്മതിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ബില്ല് നവംബര്‍ മുതല്‍ നിയമസഭയില്‍ പാസാകാതെ തുടരുകയാണ്.