ക്യൂബയ്ക്ക് എണ്ണ വിതരണം ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരേ വ്യാപാര ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ട്രംപ്
വാഷിങ്ടണ്‍: ക്യൂബയെ അന്താരാഷ്ട്ര തലത്തില്‍ പൂര്‍ണമായും ഒറ്റപ്പെടുത്തുന്നതിനായി കടുത്ത ഭീഷണി തന്ത്രവുമായി അമേരിക്ക. ക്യൂബയ്ക്ക് എണ്ണ വില്‍ക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരേ പൂര്‍ണ വ്യാപാര ഉപരോധം ഏര്‍പ്പെടുത്തുമെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്നലെ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ചു.
ക്യൂബയുമായി വ്യാപാര ഇടപാടുകള്‍ നടത്തുന്ന രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും തീരുവ ചുമത്താനാണ് പുതിയ ഉത്തരവ് വ്യവസ്ഥ ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ക്യൂബയ്ക്ക് എണ്ണ വിതരണം ചെയ്യുന്ന രാജ്യങ്ങള്‍ക്ക് മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്ന നീക്കമാണ് അമേരിക്ക സ്വീകരിച്ചിരിക്കുന്നത്. എണ്ണ വിതരണം പൂര്‍ണമായി തടഞ്ഞ് ക്യൂബയെ ഗുരുതരമായ ഊര്‍ജ്ജ പ്രതിസന്ധിയിലേക്ക് തള്ളുകയാണ് യുഎസിന്റെ ലക്ഷ്യമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. വെനിസ്വേലയ്ക്ക് പിന്നാലെ മെക്‌സിക്കോയ്ക്കും അമേരിക്ക താരിഫ് ഭീഷണി ഉയര്‍ത്തിയിരുന്നു. ഭീഷണി ശക്തമായതോടെ ക്യൂബയിലേക്കുള്ള എണ്ണ കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയതിന് പിന്നാലെ അമേരിക്ക ഇടപെട്ടു. യുഎസ് സമ്മര്‍ദ്ദത്തെ തുടര്‍ന്നല്ല കയറ്റുമതി നിര്‍ത്തിയതെന്ന വിശദീകരണം മെക്‌സിക്കന്‍ ഭരണകൂടം നല്‍കിയിരുന്നു.
അതേസമയം, വെനിസ്വേലയിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്കിടെയാണ് ക്യൂബയ്‌ക്കെതിരായ അമേരിക്കന്‍ നിലപാട് കൂടുതല്‍ കടുപ്പിച്ചത്. വെനിസ്വേലയുടെ എണ്ണമേഖലയില്‍ യുഎസ് നിയന്ത്രണം ശക്തിപ്പെടുത്തുകയും സ്വകാര്യ മേഖലയ്ക്ക് എണ്ണ പാടങ്ങള്‍ തുറന്നുകൊടുക്കാനുള്ള തീരുമാനങ്ങള്‍ മുന്നോട്ട് പോകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ നീക്കങ്ങള്‍. കഴിഞ്ഞയാഴ്ച നടത്തിയ പ്രസംഗത്തില്‍ 'ക്യൂബ വളരെ വേഗം പരാജയപ്പെടും' എന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിരുന്നു. റഷ്യ, ചൈന, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളുമായും ഹമാസ്, ഹിസ്ബുള്ള ഉള്‍പ്പെടെയുള്ള സംഘടനകളുമായും ക്യൂബന്‍ ഭരണകൂടം അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.
