വാഷിങ്ടണ്‍: ഐക്യരാഷ്ട്രസഭയുടെ സാംസ്‌കാരിക-വിദ്യാഭ്യാസ ഏജന്‍സിയായ യുണെസ്‌കോയില്‍ നിന്നും യുഎസ് സര്‍ക്കാര്‍ പിന്‍മാറി. വിദ്യാഭ്യാസം, സംസ്‌കാരം എന്നിവയിലുടെ ലോകസമാധാനം കൊണ്ടുവരാന്‍ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രൂപീകരിച്ച ഏജന്‍സിയാണ് യുണെസ്‌കോ. ഫ്രാന്‍സിലെ പാരിസ് കേന്ദ്രമാക്കിയാണ് യുണെസ്‌കോ പ്രവര്‍ത്തിക്കുന്നത്.
സാമൂഹികവും സാംസ്‌കാരികവുമായ വിഭാഗീയതകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായാണ് യുണെസ്‌കോ പ്രവര്‍ത്തിക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് ടാമി ബ്രൂസ് ആരോപിച്ചു. ''ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം സ്ഥാപിത പ്രത്യയശാസ്ത്ര താല്‍പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. അത് ആദ്യം അമേരിക്ക എന്ന യുഎസ് നയത്തിന് എതിരാണ്.''-ടാമി പറഞ്ഞു.
ലോകാരോഗ്യ സംഘടന, മനുഷ്യാവകാശ കൗണ്‍സില്‍, ഫലസ്തീന്‍ റിലീഫ് ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യുഎ എന്നിവയില്‍ നിന്നും നേരത്തെ തന്നെ യുഎസ് പിന്‍മാറിയിരുന്നു. യുണെസ്‌കോയില്‍ നിന്നുമുള്ള പിന്‍മാറല്‍ 2026 ഡിസംബറിലാണ് പ്രാബല്യത്തില്‍ വരുക. യുഎസ് തീരുമാനം പ്രതീക്ഷിച്ചിരുന്നതാണെന്ന് യുണെസ്‌കോ ഡയറക്ടര്‍ ജനറല്‍ ഓഡ്രി അസുലേ പറഞ്ഞു.
1945ല്‍ യുണെസ്‌കോ സ്ഥാപിക്കുന്നതില്‍ യുഎസ് നിര്‍ണായക പങ്കുവഹിച്ചിരുന്നു. എന്നാല്‍, യുണെസ്‌കോ പാശ്ചാത്യ വിരുദ്ധമായെന്ന് ആരോപിച്ച് 1983ല്‍ പിന്‍മാറി. 2003ല്‍ ജോര്‍ജ് ബുഷ് പ്രസിഡന്റായ കാലത്ത് വീണ്ടും പ്രവേശിച്ചു. ട്രംപ് പ്രസിഡന്റായിരുന്ന 2017ല്‍ വീണ്ടും പിന്‍മാറി. 2023ല്‍ ജോ ബൈഡന്റെ കാലത്ത് വീണ്ടും അംഗമായി. 2011ല്‍ ഫലസ്തീനെ യുണെസ്‌കോ അംഗമാക്കി. അതേതുടര്‍ന്ന് പ്രസിഡന്റ് ഒബാമ യുണെസ്‌കോക്കുള്ള സഹായം വെട്ടിക്കുറച്ചു. യുഎസും ഇസ്രായേലും ഫലസ്തീനെ അംഗീകരിച്ചിട്ടില്ലെന്നതായിരുന്നു ന്യായം.
