ആയത്തുല്ല അലി ഖാംനഇയുമായി നേരില്‍ ചര്‍ച്ച നടത്താന്‍ തയ്യാറെന്ന് ട്രംപ്

Update: 2025-04-25 15:43 GMT

വാഷിങ്ടണ്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുമായി നേരില്‍ ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറാനുമായി കരാറില്‍ എത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടൈം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. 2018ല്‍ ഇറാനുമായുള്ള കരാറില്‍ നിന്ന് പിന്‍മാറിയെങ്കിലും പുതിയ കരാറില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ ഇറാനെതിരെ ആക്രമണം നടത്തുമെന്നും ട്രംപ് ഭീഷണി മുഴക്കി.

ഇറാന്‍ അണുബോംബ് നിര്‍മാണത്തിന്റെ വക്കത്താണെന്നും ഉടന്‍ തടയണമെന്നുമാണ് ഇസ്രായേല്‍ യുഎസിനോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇസ്രായേല്‍ യുഎസിനെ ഇറാനുമായി യുദ്ധത്തിലേക്ക് വലിച്ചിഴക്കുമോ എന്ന ചോദ്യത്തിന് യുദ്ധം യുഎസ് ആയിരിക്കും നടത്തുകയെന്ന് ട്രംപ് മറുപടിയും നല്‍കി. ആണവ കരാര്‍ നടപ്പായില്ലെങ്കില്‍ യുഎസ് യുദ്ധം ചെയ്യുമെന്നാണ് ട്രംപ് വിശദീകരിച്ചത്.