എഐ നിയന്ത്രണത്തില്‍ സംസ്ഥാനങ്ങളുടെ അധികാരം നീക്കി; ട്രംപിന്റെ പുതിയ എക്‌സിക്യൂട്ടീവ് ഉത്തരവ്
വാഷിങ്ടണ്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനുള്ള നിയന്ത്രണചട്ടങ്ങളില്‍ നിന്ന് യുഎസ് സംസ്ഥാനങ്ങളെ വിലക്കും വിധത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുതിയ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ചു. സംസ്ഥാനതലത്തിലെ എഐ വിരുദ്ധ നിയമങ്ങള്‍ ഏകോപിപ്പിച്ച് നിയന്ത്രിക്കുന്നതിനായി പ്രത്യേക ടാസ്‌ക്‌ഫോഴ്‌സിനെയും രൂപീകരിച്ചിട്ടുണ്ട്. ഇതിനുമുമ്പ് എഐ മേഖലയില്‍ പ്രവര്‍ത്തിക്കാനോ നിക്ഷേപിക്കാനോ കമ്പനികള്‍ക്ക് 50 സംസ്ഥാനങ്ങളിലും നിന്ന് പ്രത്യേകം അനുമതി നേടേണ്ട സാഹചര്യമുണ്ടായിരുന്നു. ഈ ബുദ്ധിമുട്ടാണ് പുതിയ ഉത്തരവിലൂടെ ഒഴിവാക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി. ഒരു സംസ്ഥാനത്ത് ഒരിക്കല്‍ അനുമതി ലഭിച്ചാല്‍ മുഴുവന്‍ രാജ്യത്തും പ്രവര്‍ത്തിക്കാന്‍ സാഹചര്യമൊരുക്കേണ്ടതുണ്ടെന്ന് അദ്ദേഹം സൗദിയില്‍ നടന്ന നിക്ഷേപ ഉച്ചകോടിയില്‍ വ്യക്തമാക്കിയിരുന്നു.
സിലിക്കണ്‍ വാലിയിലെ പ്രധാന ടെക് കമ്പനികള്‍ എഐയുമായി ബന്ധപ്പെട്ട് ഏകീകൃത ദേശീയ നയം വേണമെന്ന് മുന്‍പ് ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ട്രംപിന്റെ പുതിയ നിയമനടപടി മുന്നോട്ട് വന്നത്. എന്നാല്‍ പുതിയ ഉത്തരവില്‍ എഐ നിയന്ത്രണത്തിനുള്ള വ്യക്തമായ മാര്‍ഗരേഖകളോ സുരക്ഷാ നിര്‍ദേശങ്ങളോ ഉള്‍പ്പെടുത്തിയിട്ടില്ല. കമ്പനികളും ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടില്ല. സിലിക്കണ്‍ വാലിയിലെ കമ്പനികള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് ട്രംപിന്റെ നിയമമെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ ഉള്‍പ്പടെ വിമര്‍ശനം ഉന്നയിക്കുന്നത്.
