യുഎസ് പ്രതിരോധ മന്ത്രാലയത്തെ യുദ്ധ മന്ത്രാലയമാക്കുമെന്ന് ട്രംപ്

Update: 2025-08-26 11:42 GMT

വാഷിങ്ടണ്‍: യുഎസ് പ്രതിരോധമന്ത്രാലമായ പെന്റഗണിനെ യുദ്ധമന്ത്രാലയമാക്കി പേരുമാറ്റുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒരു ആഴ്ചയ്ക്കുള്ളില്‍ പെന്റഗണിനെ കൂടുതല്‍ ആക്രമണാത്മകമായ പേരിലേക്ക് തിരികെ കൊണ്ടുവരുമെന്ന് ട്രംപ് പറഞ്ഞു. 'ഒന്നാം ലോക മഹായുദ്ധത്തിലും രണ്ടാം ലോക മഹായുദ്ധത്തിലും വിജയിച്ചപ്പോള്‍ പ്രതിരോധമന്ത്രാലയം നിലവിലുണ്ടായിരുന്നില്ല. യുദ്ധമന്ത്രാലയമാണ് നിലവിലുണ്ടായിരുന്നത്. ശരിക്കും അത് യുദ്ധമന്ത്രാലയമാണ്. യുദ്ധമന്ത്രാലയം ഉണ്ടായപ്പോള്‍ ഞങ്ങള്‍ എല്ലാ യുദ്ധങ്ങളിലും വിജയിച്ചു. ആ പേരാണ് എല്ലാവര്‍ക്കും ഇഷ്ടം.''-ട്രംപ് പറഞ്ഞു. '' എനിക്ക് പ്രതിരോധം മാത്രമായിരിക്കാന്‍ താല്‍പര്യമില്ല, ഞങ്ങള്‍ക്ക് ആക്രമണമാണ് വേണ്ടത്.''ട്രംപ് നിലപാട് വിശദീകരിച്ചു. 1789 മുതല്‍ 1947 വരെ യുഎസില്‍ യുദ്ധ വകുപ്പ് നിലനിന്നിരുന്നു. ഹാരി എസ് ട്രൂമാന്റെ കാലത്താണ് യുദ്ധവകുപ്പിനെ കരസേനയുമായും വ്യോമസേനയുമായും കൂട്ടിചേര്‍ത്ത് പ്രതിരോധമന്ത്രാലയം ആക്കിയത്. പ്രതിരോധത്തിന്റെ പേരില്‍ അധിനിവേശം നടത്തുകയായിരുന്നു ഇത്രയും കാലം യുഎസ് ചെയ്തിരുന്നത്. നേരിട്ടുള്ള അധിനിവേശങ്ങളും വംശഹത്യകളുമാണ് ഇനി പ്രതീക്ഷിക്കേണ്ടത്.