വാഷിങ്ടണ്‍: ദരിദ്രരായ കുട്ടികളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്നതിനുള്ള ശിശുസംരക്ഷണ സബ്സിഡികളും അനുബന്ധ സാമൂഹ്യക്ഷേമ പദ്ധതികളും സംബന്ധിച്ച ഫെഡറല്‍ ഫണ്ട് തടയാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നിയമപരമായ അധികാരമില്ലെന്ന് ഫെഡറല്‍ കോടതി വിധിച്ചു. ഡെമോക്രാറ്റിക് നേതൃത്വത്തിലുള്ള അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള ധനസഹായം മരവിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നീക്കമാണ് കോടതി അസാധുവാക്കിയിരിക്കുന്നത്.
കാലഫോര്‍ണിയ, കൊളറാഡോ, ഇല്ലിനോയിസ്, മിന്നെസോട്ട, ന്യൂയോര്‍ക്ക് എന്നീ സംസ്ഥാനങ്ങളാണ് മൂന്നു പ്രധാന ഗ്രാന്റ് പദ്ധതികളിലേക്കുള്ള ഫണ്ട് താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ കോടതിയെ സമീപിച്ചത്. ചൊവ്വാഴ്ച പ്രഖ്യാപിച്ച നയം സംസ്ഥാനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്നതാണെന്നും, ഫണ്ട് തടഞ്ഞുവയ്ക്കുന്നതിന് നിയമപരമായ യാതൊരു അടിസ്ഥാനവുമില്ലെന്നും സംസ്ഥാനങ്ങള്‍ കോടതിയില്‍ വാദിച്ചു. സംസ്ഥാനങ്ങള്‍ ജനങ്ങള്‍ക്ക് നിയമവിരുദ്ധമായി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നുവെന്നാരോപിച്ചാണ് ധനസഹായം താല്‍ക്കാലികമായി നിര്‍ത്തിയതെന്ന് യുഎസ് ആരോഗ്യ-മനുഷ്യ സേവന വകുപ്പ് വ്യക്തമാക്കി. എന്നാല്‍ ഈ അഞ്ചു സംസ്ഥാനങ്ങള്‍ക്കുമാത്രം നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ കാരണം കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികളുടെ പരിചരണത്തിന് സബ്സിഡി നല്‍കുന്ന 'ചൈല്‍ഡ് കെയര്‍ ആന്‍ഡ് ഡെവലപ്മെന്റ് ഫണ്ട്', പണസഹായവും തൊഴില്‍പരിശീലനവും ഉറപ്പാക്കുന്ന 'ടെമ്പററി അസിസ്റ്റന്‍സ് ഫോര്‍ നീഡി ഫാമിലീസ്' പദ്ധതി, വിവിധ സാമൂഹ്യ സേവനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന 'സോഷ്യല്‍ സര്‍വീസസ് ബ്ലോക്ക് ഗ്രാന്റ്' എന്നിവയ്ക്കുള്ള ഫണ്ടുകളാണ് മരവിപ്പിക്കപ്പെട്ടിരുന്നത്. ഈ പദ്ധതികളിലൂടെ പ്രതിവര്‍ഷം സംസ്ഥാനങ്ങള്‍ക്ക് ആകെ 10 ബില്യണ്‍ ഡോളറിലധികം ഫെഡറല്‍ സഹായമാണ് ലഭിക്കുന്നത്.
ഫണ്ട് തടയാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും, സര്‍ക്കാര്‍ പദ്ധതികളിലെ തട്ടിപ്പ് തടയുന്നതല്ല, മറിച്ച് ട്രംപിന്റെ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടുള്ള നടപടിയാണിതെന്നും സംസ്ഥാനങ്ങള്‍ ആരോപിച്ചു. ശിശുസംരക്ഷണ ഫണ്ടുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍, പദ്ധതികളെ ആശ്രയിക്കുന്ന സേവനദാതാക്കളും ആയിരക്കണക്കിന് കുടുംബങ്ങളും ഗുരുതരമായ അനിശ്ചിതത്വത്തിലാകുമെന്നും സംസ്ഥാാനങ്ങള്‍ മുന്നറിയിപ്പ് നല്‍കി.
