അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോമിനെ പുറത്താക്കി ട്രംപ്

ഒക്ലഹോമയില്‍ നിന്നുള്ള സെനറ്റര്‍ മാര്‍ക്ക്വെയ്ന്‍ മുള്‍ പുതിയ സെക്രട്ടറി

Update: 2026-03-06 03:24 GMT

വാഷിങ്ടണ്‍: അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോമിനെ പുറത്താക്കി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന്റെ ചുമതലയില്‍ നിന്ന് ക്രിസ്റ്റി നോമിനെ മാറ്റിയതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഭരണകൂടത്തിന്റെ കുടിയേറ്റ നിയന്ത്രണവും ദുരന്ത പ്രതികരണവും മിനിയാപൊളിസ് ഉള്‍പ്പെടേയുള്ള നഗരങ്ങളില്‍ നടത്തിയ റെയ്ഡുകളും ക്രിസ്റ്റി നോമിനെതിരെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ക്രിസ്റ്റി നോമിനെ പുറത്താക്കിയത്.

ക്രിസ്റ്റി നോം കാര്യക്ഷമമായല്ല പ്രവര്‍ത്തിക്കുന്നത് എന്നാണ് പ്രധാന വിമര്‍ശനം. ക്രിസ്റ്റി നോമിന് പകരം റിപ്പബ്ലിക്കന്‍ സെനറ്ററായ മാര്‍ക്ക് വെയ്ന്‍ മുള്ളിനെയാണ് നിയമിച്ചിരിക്കുന്നത്. ക്രിസ്റ്റി നോമിനെ പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തിലെ ഷീല്‍ഡ് ഓഫ് ദി അമേരിക്കാസ് എന്ന സുരക്ഷാ പദ്ധതിയുടെ പ്രത്യേക പ്രതിനിധിയായി പകരം നിയമിച്ചു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമായ ട്രൂത്തിലെ കുറിപ്പിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപിന്റെ രണ്ടാമത്തെ വരവില്‍ സ്ഥാനമൊഴിയുന്ന ആദ്യത്തെ ക്യാബിനറ്റ് സെക്രട്ടറിയാണ് ക്രിസ്റ്റി നോം.

മുന്‍ ഗുസ്തി താരം കൂടിയായ മള്ളിന്‍ ട്രംപിന്റെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്. അതിര്‍ത്തി സുരക്ഷയിലും ആഭ്യന്തര സുരക്ഷാ കാര്യങ്ങളിലും മള്ളിന്‍ സ്വീകരിക്കുന്ന നിലപാടുകള്‍ ട്രംപിന്റെ നയങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്നതാണ്. സെനറ്റ് അംഗീകാരം ലഭിക്കുന്നതോടെ അദ്ദേഹം ഔദ്യോഗികമായി ചുമതലയേല്‍ക്കും.

വലിയ വിമര്‍ശനമാണ് ക്രിസ്റ്റ് നോമിന് റിപ്പബ്ലിക്കന്‍ നിയമതന്ത്രജ്ഞരില്‍ നിന്ന് നേരിടേണ്ടിവന്നത്. അനധികൃതമായി രാജ്യത്തേക്ക് കടന്നുവന്നവരോട് സ്വയം അമേരിക്ക വിട്ടുപോകാന്‍ ആവശ്യപ്പെടുന്ന, ക്രിസ്റ്റി നോമിന്റെ ഒരു പരസ്യ ക്യാംപയിനെതിരേ നിരവധി പേര്‍ രംഗത്തുവന്നിരുന്നു. 220 മില്യണ്‍ ചെലവിട്ടാണ് ഇത്തരത്തില്‍ ഒരു പരസ്യക്യാംപയിന്‍ ക്രിസ്റ്റി നോം നടത്തിയത്. എന്നാല്‍ ട്രംപ് ഇത് അംഗീകരിച്ചിരുന്നില്ല എന്നാണ് പിന്നീട് വന്ന റിപോര്‍ട്ടുകള്‍.