വാഷിങ്ടണ്‍: അമേരിക്കയുടെ തലസ്ഥാനമായ വാഷിങ്ടണ്‍ ഡിസിയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും ജെഫ്രി എപ്സ്റ്റീനെയും പ്രമേയമാക്കി സ്ഥാപിച്ച പ്രതിഷേധ ശില്‍പ്പം ശ്രദ്ധേയമാകുന്നു. ടൈറ്റാനിക്ക് സിനിമയിലെ കഥാപാത്രങ്ങളുടെ ഭാവഭംഗി അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ശില്‍പ്പം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 'സീക്രട്ട് ഹാന്‍ഡ്‌ഷേക്ക്' എന്ന കലാകാരന്മാരുടെ കൂട്ടായ്മയാണ് നാഷണല്‍ ഹാള്‍ പ്രദേശത്ത് ശില്‍പ്പം സ്ഥാപിച്ചത്. മുന്‍പും സമാന രീതിയില്‍ ട്രംപിനെയും എപ്സ്റ്റീനെയും ലക്ഷ്യമിട്ട് പ്രതിഷേധ ശില്‍പ്പങ്ങള്‍ ഇവര്‍ സ്ഥാപിച്ചിരുന്നു.
അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കാനായി എപ്സ്റ്റീന്‍ ഫയലിലെ വിവരങ്ങള്‍ പുറത്തുവിടുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ, യുഎസ് നീതിന്യായ വകുപ്പ് ഇതുമായി ബന്ധപ്പെട്ട ചില രേഖകള്‍ പ്രസിദ്ധീകരിച്ചിരുന്നു. എഫ്ബിഐ 2019ല്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി എടുത്ത അഭിമുഖങ്ങളുടെ രേഖകളും അടുത്തിടെ പുറത്തുവിട്ടിരുന്നു. അതില്‍ ഒരു സ്ത്രീ ഉന്നയിച്ച ഗുരുതരമായ ആരോപണമാണ് ട്രംപിനെ കുരുക്കിലാക്കിയത്. 1980കളില്‍ എപ്സ്റ്റീന്‍ തന്നെ ട്രംപിനെ പരിചയപ്പെടുത്തിയെന്നും തുടര്‍ന്ന് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണെന്നും തെളിവുകളില്ലാത്തവയാണെന്നും വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ് പ്രതികരിച്ചു. ചില വിവരങ്ങള്‍ തെറ്റായിരിക്കാമെന്നും യുഎസ് നീതിന്യായ വകുപ്പ് വ്യക്തമാക്കി.
