അഞ്ചു രാജ്യങ്ങളിലേക്കു കൂടി യാത്രാവിലക്ക് ഏര്‍പ്പെടുത്തി ട്രംപ്

Update: 2025-12-17 07:09 GMT

വാഷിങ്ടണ്‍: യുഎസിലേക്കുള്ള യാത്രാവിലക്ക് അഞ്ചു രാജ്യങ്ങളിലേക്കു കൂടി വ്യാപിപ്പിച്ച് ഡോണള്‍ഡ് ട്രംപ്. ചില രാജ്യങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയതായി വൈറ്റ് ഹൗസ് അറിയിച്ചു. സിറിയ ഉള്‍പ്പെടെ അഞ്ചു രാജ്യങ്ങളുടെ പൗരന്മാര്‍ക്കും ഫലസ്തീന്‍ അതോറിറ്റി നല്‍കുന്ന യാത്രാ രേഖകള്‍ കൈവശമുള്ളവര്‍ക്കും ഇനി യുഎസിലേക്കുള്ള പ്രവേശനം അനുവദിക്കില്ല.

ബുര്‍ക്കിന ഫാസോ, മാലി, നൈജര്‍, ദക്ഷിണ സുഡാന്‍, സിറിയ എന്നീ രാജ്യങ്ങളിലാണ് പുതുതായി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിന് പുറമെ ഫലസ്തീന്‍ അതോറിറ്റി നല്‍കിയ പാസ്‌പോര്‍ട്ടുകളോ യാത്രാ രേഖകളോ ഉപയോഗിച്ച് യുഎസിലേക്ക് പ്രവേശിക്കുന്നതും പൂര്‍ണമായി വിലക്കി. അടുത്തിടെ രണ്ടു നാഷണല്‍ ഗാര്‍ഡ് സൈനികര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ അഫ്ഗാന്‍ പൗരന്‍ പ്രതിയാണെന്ന സംശയത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിയന്ത്രണങ്ങള്‍ കടുപ്പിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ജൂണ്‍ മാസത്തില്‍ ട്രംപ് 12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുഎസ് സന്ദര്‍ശനം പൂര്‍ണമായി വിലക്കുമെന്നും മറ്റ് ഏഴു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പൂര്‍ണ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോണ്‍, ടോഗോ, തുര്‍ക്ക്‌മെനിസ്ഥാന്‍, വെനിസ്വേല എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഭാഗിക നിയന്ത്രണങ്ങളും നടപ്പാക്കിയിരുന്നു. ഇതിന് പിന്നാലെ അംഗോള, ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ, ബെനിന്‍, കോട്ട് ഡി ഐവയര്‍, ഡൊമിനിക്ക, ഗാബണ്‍, ഗാംബിയ, മലാവി, മൗറിറ്റാനിയ, നൈജീരിയ, സെനഗല്‍, ടാന്‍സാനിയ, ടോംഗ, സാംബിയ, സിംബാബ്‌വെ എന്നീ 15 രാജ്യങ്ങള്‍ക്ക് കൂടി ഭാഗിക യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി വൈറ്റ് ഹൗസ് അറിയിച്ചു. സുരക്ഷാ അവലോകനങ്ങളുടെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്നും പുനപരിശോധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags: