ചൈനയുമായി വ്യാപാര സഹകരണം; കാനഡയ്ക്ക് 100% താരിഫ് ഏര്‍പ്പെടുത്തുമെന്ന് ട്രംപ്
വാഷിങ്ടണ്‍: ചൈനയുമായി വ്യാപാരബന്ധത്തിലേര്‍പ്പെട്ടാല്‍ കാനഡയ്ക്കുമേല്‍ 100 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി അടുത്തിടെ ചൈന സന്ദര്‍ശിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര സഹകരണം ഉള്‍പ്പെടെ ബന്ധം ശക്തിപ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം.
കാര്‍ണിയുടെ ചൈന സന്ദര്‍ശനത്തിന് പിന്നാലെ ചൈനയുമായി വ്യാപാരബന്ധം പുലര്‍ത്തുന്നത് നല്ലതാണെന്ന നിലപാട് ട്രംപ് സ്വീകരിച്ചിരുന്നെങ്കിലും, ഗ്രീന്‍ലാന്‍ഡ് കൈപ്പിടിയിലാക്കാനുള്ള ട്രംപിന്റെ നീക്കങ്ങളെ കാര്‍ണി വിമര്‍ശിച്ചതോടെയാണ് യുഎസ് പ്രസിഡന്റിന്റെ നിലപാട് മാറ്റം. സമൂഹമാധ്യമമായ 'ട്രൂത്ത് സോഷ്യല്‍' വഴിയാണ് ട്രംപ് താരിഫ് പ്രഖ്യാപിച്ചത്. 'ചൈന കാനഡയെ ജീവനോടെ വിഴുങ്ങും. അവരുടെ ബിസിനസുകള്‍, സാമൂഹിക ഘടന, പൊതുജീവിതരീതി എന്നിവ ഉള്‍പ്പെടെ എല്ലാം നശിപ്പിച്ചുകൊണ്ട് പൂര്‍ണമായും നിയന്ത്രണത്തിലാക്കും. കാനഡ ചൈനയുമായി വ്യാപാരബന്ധത്തിലേര്‍പ്പെട്ടാല്‍, അമേരിക്കയിലേക്ക് എത്തുന്ന എല്ലാ കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്കും ഉടന്‍ തന്നെ 100 ശതമാനം തീരുവ ചുമത്തും,'എന്നാണ് ട്രംപ് കുറിച്ചത്.
യുഎസ് താരിഫില്‍ നിന്ന് രക്ഷപ്പെടുന്നതിനായി കാനഡയെ ഒരു ഇടത്താവളമായി ഉപയോഗിക്കുകയാണ് ചൈനയുടെ ലക്ഷ്യമെന്നും ട്രംപ് ആരോപിച്ചു.