എച്ച് 1ബി വിസ ഫീസില്‍ ഇളവ് പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം

Update: 2025-10-22 06:20 GMT

വാഷിങ്ടണ്‍: യുഎസില്‍ എച്ച് 1ബി വിസ ഫീസില്‍ ഇളവുമായി ട്രംപ് ഭരണകൂടം. കഴിഞ്ഞ മാസം പ്രഖ്യാപിച്ച ഒരുലക്ഷം ഡോളറിന്റെ (ഏകദേശം 88 ലക്ഷം) ഫീസ് ഇനി എല്ലാ അപേക്ഷകര്‍ക്കും ബാധകമല്ലെന്ന് ട്രംപിന്റെ ഓഫീസ് വ്യക്തമാക്കി.

യുഎസില്‍ ഇതിനകം സാധുതയുള്ള വിസയില്‍ കഴിയുന്നവര്‍ക്കും, എഫ് 1 സ്റ്റുഡന്റ് വിസയില്‍ നിന്ന് എച്ച് 1ബി വിസയിലേക്ക് സ്റ്റാറ്റസ് മാറ്റം നടത്താനായി അപേക്ഷിക്കുന്നവര്‍ക്കും ഇനി ഫീസ് അടയ്‌ക്കേണ്ടതില്ല. അതേസമയം, യുഎസിന് പുറത്തു കഴിയുന്നവരും, സാധുതയുള്ള മറ്റേതെങ്കിലും വിസ ഇല്ലാത്ത പുതുതായി അപേക്ഷിക്കുന്നവരുമായ അപേക്ഷകര്‍ക്കാണ് എച്ച് 1ബി വിസയുടെ വാര്‍ഷിക ഫീസ് ബാധകമാവുന്നത്.

2025 സെപ്റ്റംബര്‍ 21ന് പുലര്‍ച്ചെ 12:01ന് മുന്‍പ് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും നിലവിലുള്ള എച്ച് 1ബി വിസ ഉടമകള്‍ക്കും ഈ ഫീസ് വര്‍ധന ബാധകമല്ലെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് വ്യക്തമാക്കി. എച്ച് 1ബി വിസ ഉടമകള്‍ക്ക് യുഎസിലേക്ക് യാത്ര ചെയ്യാനും രാജ്യം വിടാനും മുന്‍ നിയന്ത്രണങ്ങളില്ലാതെ തുടര്‍ന്നും കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

കുടിയേറ്റം നിയന്ത്രിക്കുന്നതിനായുള്ള ട്രംപിന്റെ നീക്കങ്ങളുടെ ഭാഗമായാണ് ഫീസ് വര്‍ധനയെന്ന തീരുമാനം ഉണ്ടായത്. എന്നാല്‍, ഇന്ത്യയും ചൈനയും ഉള്‍പ്പെടെ ആയിരക്കണക്കിന് ടെക് പ്രൊഫഷണലുകള്‍ക്ക് തിരിച്ചടിയായതോടെ, ഭരണകൂടം ഇപ്പോള്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

Tags: