തെല്‍ അവീവ്: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഇരുഭാഗത്തും നഷ്ടങ്ങള്‍ വിതച്ച് രൂക്ഷമാവുകയാണ് ആക്രമണ-പ്രത്യാക്രമണങ്ങള്‍. മധ്യ ഇസ്രായേലിലെ മൂന്നിടങ്ങളിലടക്കം നാലു സ്ഥലങ്ങളില്‍ ഇറാന്റെ മിസൈല്‍ ആക്രമണം കനത്ത നാശമുണ്ടാക്കിയെന്നാണ് റിപോര്‍ട്ടുകള്‍. ചില കെട്ടിടങ്ങള്‍ക്ക് വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്. ഒരെണ്ണം ഹോളോണില്‍ ആണെന്നാണ് സൂചന. സൊറോക്കോ ആശുപത്രിയിലും സമീപത്തും കനത്ത നാശനഷ്ടങ്ങള്‍ക്ക് മിസൈല്‍ ആക്രമണം ഇടയാക്കിയിട്ടുണ്ട്.
ഇസ്രായേലിലെ ഏറ്റവും വലിയ ആശുപത്രിയാണ് സൊറോക്കോ. ഗസയിലെ അധിനിവേശ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പരിക്കു പറ്റിയ നിരവധി ഇസ്രായേല്‍ സൈനികരെ ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്.
ആശുപത്രി ഇറാന്റെ ആക്രമണ ലക്ഷ്യമായിരുന്നില്ല എന്നാണ് റിപോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാവുന്നത്. ആശുപത്രിക്കു സമീപമുള്ള ഒരു കെട്ടിടമാണ് ആക്രമണത്തിനിരയായത്. എന്നാല്‍ ആശുപത്രി ഉള്‍പ്പെടെ വന്‍ കേടുപാടുകള്‍ സംഭവിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് വരരുതെന്ന് പൊതുജനങ്ങളോട് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 25 പേര്‍ക്കെങ്കിലും പരിക്കേറ്റതായാണ് പ്രാഥമിക വിവരം.