ട്രെയിന്‍ പുറപ്പെടുന്നതിന് തൊട്ടുമുന്‍പ് പാളത്തില്‍ ഇരുമ്പുപൈപ്പുകള്‍; പ്രതി പിടിയില്‍
തിരുന്നാവായ റെയില്‍പ്പാളത്തില്‍ ഇരുമ്പുപൈപ്പുകള്‍ വെച്ചയാള്‍ പിടിയില്‍. തൃശ്ശൂര്‍-കണ്ണൂര്‍ എക്സ്പ്രസ് ഇവിടെനിന്ന് എടുക്കുന്നതിനുതൊട്ടുമുന്‍പ് എന്‍ജിന്റെ അടിയില്‍ പാളത്തില്‍ ഇയാള്‍ ഇരുമ്പുപൈപ്പുകള്‍ വെക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ 8.30-ഓടെയാണ് സംഭവം. ഒരാള്‍ എന്‍ജിന്റെ അടുത്തുനിന്ന് വരുന്നതുകണ്ട യാത്രക്കാരും റെയില്‍വേ ജീവനക്കാരും സംശയംതോന്നി നോക്കിയപ്പോഴാണ് ഇരുമ്പുപൈപ്പുകള്‍ കണ്ടത്. തുടര്‍ന്ന് ഇയാളെ പിടികൂടി തിരൂര്‍ പോലിസിന് കൈമാറി. മധ്യവയസ്‌കന്‍ മാനസികവെല്ലുവിളി നേരിടുന്നതായും തെലുങ്ക് സംസാരിക്കുന്നുണ്ടെന്നും അട്ടിമറി സാധ്യത ഇല്ലെന്നും പോലിസ് പറഞ്ഞു. ഈ വണ്ടിക്കുമുന്‍പ് കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് കടന്നുപോകുന്ന പാളത്തില്‍ കല്ലുവെക്കാനും ഇയാള്‍ ശ്രമിച്ചതായി പറയുന്നു.