തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോഡിനേറ്റര്‍ പ്രസീത അഴീക്കോട് രാജിവെച്ചു
കേരളത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് പി വി അന്‍വര്‍ ശമ്പളം കൊടുത്തു നിര്‍ത്തുന്ന ആള്‍ക്കൂട്ടം മാത്രമാണെന്ന് പ്രസീത
കോഴിക്കോട്: തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോഡിനേറ്റര്‍ പ്രസീത അഴീക്കോട് രാജിവെച്ചു. പി വി അന്‍വറിനെതിരേ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ചാണ് രാജി. പി വി അന്‍വര്‍ രാഷ്ട്രീയം അച്ചടക്കം പാലിച്ചില്ല. ഇനിയും കൂടുതല്‍ പേര് രാജിവെക്കും. കേരളത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി പോലും പി വി അന്‍വര്‍ ശമ്പളം കൊടുത്തു നിര്‍ത്തുന്ന ആള്‍ക്കൂട്ടം മാത്രമാണെന്നും തൃണമൂല്‍ ദേശീയ നേതൃത്വത്തിന്റെ ഭാഗം ആണെന്ന് പറഞ്ഞ് ഒരു കൂട്ടം ആളുകളെ കബളിപ്പിച്ചെന്നും പ്രസീത അഴീക്കോട് ആരോപിച്ചു. പി വി അന്‍വറിന്റെ രാഷ്ട്രീയ നിലപാടുകളില്‍ മനംമടുത്താണ് രാജിയെന്നും പ്രസ്ഥാനം ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയിലല്ല പ്രവര്‍ത്തിക്കുന്നതെന്നും പ്രസീത പറഞ്ഞു.
കേരളത്തില്‍ ഏതു വിഭാഗമാണ് യഥാര്‍ത്ഥ തൃണമൂല്‍ എന്നതില്‍ വ്യക്തത വരുത്താന്‍ ഇതുവരെ ദേശീയ നേതൃത്വത്തിനും കഴിഞ്ഞിട്ടില്ല. പി വി അന്‍വര്‍ കൊല്‍ക്കത്തയില്‍ പോയെങ്കിലും മമതാ ബാനര്‍ജിയെ കാണാന്‍ പോലും സാധിച്ചിട്ടില്ല. അന്‍വര്‍ പല കാര്യങ്ങളിലും പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അന്‍വറിനൊപ്പമുള്ളത് കേവലം ശമ്പളക്കാര്‍ മാത്രമാണെന്നും പലരും സാമ്പത്തിക നേട്ടം കണ്ടാണ് കൂടെ നില്‍ക്കുന്നതെന്നും പ്രസീത പറഞ്ഞു.
കേരളത്തില്‍ ഇനിയും കൂടുതല്‍ പേര് രാജിവെക്കും. സിജി ഉണ്ണി വിഭാഗമാണോ പി വി അന്‍വര്‍ വിഭാഗമാണോ യഥാര്‍ത്ഥ തൃണമൂല്‍ എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. അന്‍വര്‍ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി തൃണമൂല്‍ സംവിധാനത്തെ ഉപയോഗിക്കുകയായിരുന്നു. അന്‍വറിനെ മാത്രമാണ് യുഡിഎഫ് അസോസിയേറ്റ് മെമ്പര്‍ ആക്കിയത്. ബേപ്പൂരില്‍ തൃണമൂല്‍ ചിഹ്നത്തില്‍ അന്‍വറിന് മല്‍സരിക്കാന്‍ കഴിയില്ല. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെയാണ് അന്‍വര്‍ ബേപ്പൂരില്‍ മല്‍സരിക്കാന്‍ ഇറങ്ങുന്നതെന്നും പ്രസീത ആരോപിച്ചു.
