തൃശൂരിലെ വോട്ടുതട്ടിപ്പ്: ടി എന്‍ പ്രതാപന്റെ മൊഴിയെടുക്കും

Update: 2025-08-16 14:44 GMT

തൃശൂര്‍: വ്യാജ രേഖകള്‍ ഉപയോഗിച്ച് സുരേഷ് ഗോപി തൃശൂരില്‍ വോട്ട് ചേര്‍ത്തെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്റെ മൊഴിയെടുക്കും. സിറ്റി പോലിസ് കമ്മീഷണര്‍ക്ക് തിങ്കളാഴ്ച വിവരങ്ങള്‍ കൈമാറാന്‍ പ്രതാപന് നോട്ടിസ് നല്‍കി. വ്യാജരേഖ ചമച്ച് വോട്ട് ചേര്‍ത്തെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ടി എന്‍ പ്രതാപന്റെ പരാതി. വ്യാജരേഖ ചമച്ചു എന്നും വ്യാജ സത്യവാങ്മൂലം നല്‍കിയെന്നും ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്.

സുരേഷ് ഗോപിയുടെ സഹോദരന് ഇരട്ടവോട്ടുണ്ടെന്നും ഇത് നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു. ക്രിമിനല്‍ ഗൂഢാലോചന പ്രകാരമുള്ള കുറ്റവുമാണ് ഇരട്ട വോട്ട്. അത്തരമൊരു ഗൂഢാലോചനക്ക് നേതൃത്വം കൊടുത്ത ആളാണ് സുരേഷ് ഗോപിയെന്ന് പ്രതാപന്‍ വിമര്‍ശിച്ചു. ഗൂഢാലോചനയില്‍ സംഘപരിവാറിന്റെ ആളുകളെയും കുടുംബാംഗങ്ങളെയും സുരേഷ് ഗോപി ഉള്‍പ്പെടുത്തിയെന്ന് ടി എന്‍ പ്രതാപന്‍ ആരോപിച്ചു.