ലഡാക്കില്‍ മരണപെട്ട സൈനികന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ യത്തീംഖാനയില്‍ എത്തിയത് നാനാ തുറകളില്‍പ്പെട്ടവര്‍

പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസി. സി പി മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ ഷൈജലിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു

Update: 2022-05-29 08:49 GMT

ഹമീദ് പരപ്പനങ്ങാടി

പരപ്പനങ്ങാടി : ലഡാക്കില്‍ നദിയിലേക്ക് ജീപ്പ് മറിഞ്ഞ് മരണപെട്ട പരപ്പനങ്ങാടി സ്വദേശിയായ സൈനികന്‍ എന്‍ പി മുഹമ്മദ് ഷൈജലിന്റെ മൃതദേഹം ആദ്യം പൊതു ദര്‍ശനത്തിന് വെച്ച യത്തീംഖാനയില്‍ നാനാ തുറകളില്‍പെട്ടവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

ഇന്ന് രാവിലെ 10 മണിക്ക് കരിപ്പൂര്‍ വീമാന താവളത്തില്‍ എത്തിയ മൃതദേഹം സര്‍ക്കാരിന് വേണ്ടി മലപ്പുറം ജില്ലാ കലക്ടര്‍ ഏറ്റുവാങ്ങി.പിന്നീട് നിരവധി വാഹനങ്ങളുടെ അകമ്പടിയോട് കൂടി ഷൈജല്‍ വളര്‍ന്ന തിരൂരങ്ങാടി യത്തീംഖാനയില്‍ പതിനൊന്ന് മണിയോട് കൂടി എത്തിക്കുകയായിരുന്നു.

രാവിലെ തന്നെ സൈനികനെ ഒരു നോക്ക് കാണാന്‍ ഓര്‍ഫനേജില്‍ ഷൈജലിന്റെ സഹപാഠികളുടേയും, മതരാഷ്ട്രീയ രംഗത്തെ പ്രമുഖരുടേയും,നാട്ടുകാരുടേയും നീണ്ട നിര തന്നെയായിരുന്നു. സ്ഥലം എംപി ഇ ടി മുഹമ്മദ് ബഷീര്‍,എംഎല്‍എ കെ പി എ മജീദ്, ജില്ലാ പോലിസ് സൂപ്രണ്ട്, മുനവറലി ശിഹാബ് തങ്ങള്‍, മുജാഹിദ് നേതാവ് ഉസൈന്‍ മടവൂര്‍, പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസി: സി പി മുഹമ്മദ് ബഷീര്‍, എസ്ഡിപിഐ ജില്ല നേതാവ് സൈതലവി ഹാജി തുടങ്ങി നിരവധി പേര്‍ മൃതദേഹം പൊതു ദര്‍ശനനത്തിന് ഹാളില്‍ വെക്കുന്നതിന് മുമ്പ് തന്നെ അന്ത്യോപചാരം അര്‍പ്പിച്ചു.



സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് പരേഡിന് ശേഷം, ജില്ല പോലിസ് സൂപ്രണ്ട് സുജിത് ദാസ് സല്യൂട്ട് നല്‍കി. പിന്നീട് പൊതു ദര്‍ശനത്തിന് ശേഷം പരപ്പനങ്ങാടിയില്‍ നഗരസഭയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ സൂപ്പി കുട്ടി നഹ ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ തയ്യാറാക്കിയ പൊതു ദര്‍ശനത്തിന് ശേഷം വീട്ടിലെത്തിച്ച് അങ്ങാടി പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.അന്ത്യകര്‍മ്മള്‍ക്കായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്.



ലഡാക്കിലെ ഷ്യാക്ക് നദിയിലേക്ക് 26 സൈനികര്‍ സഞ്ചരിച്ച സൈനിക വാഹനം മറിഞ്ഞ് ഷൈജലടക്കമുള്ള ഏഴ് സൈനികരാണ് മരിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ മരണപ്പെട്ട സൈനികരുടെ മൃതദേഹങ്ങള്‍ പ്രത്യേക സൈനിക വിമാനത്തില്‍ ഡല്‍ഹിയില്‍ ഇന്നലെ എത്തിച്ചതിന് ശേഷം അവരവരുടെ ജന്മസ്ഥലങ്ങളിലേക്ക് അയക്കുകയായിരുന്നു.

പരപ്പനങ്ങാടി സ്വദേശി ഷൈജലിന്റെ മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തില്‍ രാവിലെയാണ് എത്തിയത്.ഇന്നലെ രാവിലെ ഒമ്പത് മണിയോടടുത്ത് ഡല്‍ഹിയില്‍ മൃതദേഹങ്ങള്‍ എത്തുമെന്നായിരുന്നു ആദ്യ വിവരം .പക്ഷെ പറഞ്ഞ സമയത്ത് എത്താതിരുന്നത് അന്ത്യ കര്‍മ്മങ്ങള്‍ക്ക് സമയം നേരിടുകയായിരുന്നു.

21 വര്‍ഷത്ത സേവനത്തിന് ശേഷം വിരമിക്കാനിരിക്കെയാണ് ഷൈജല്‍ വിട പറയുന്നത്.ചെറുപ്രായത്തില്‍ തന്നെ കഠിന പരീക്ഷണങ്ങളിലൂടെയാണ് കുടുംബം അതിജീവിച്ചത്.തിരൂരങ്ങാടി യത്തീംഖാനയില്‍ അന്തേവാസിയായിരുന്ന മാതാവ് എന്‍ പി സുഹറയെ യത്തീംഖാനയില്‍ നിന്നാണ് പിതാവ് കോട്ടയം സ്വദേശി തച്ചോളി കോയ വിവാഹം കഴിക്കുന്നത്.ഷൈജലടക്കം മൂന്ന് കുട്ടികള്‍ ഇവര്‍ക്കുണ്ട്. ഇതിനിടയിലാണ് പിതാവായ കോയ മരണപെടുന്നത്.പിതാവിന്റെ മരണത്തോടെ വീണ്ടും മാതാവ് സുഹറയും മൂന്ന് കുട്ടികളും യത്തീംഖാനയില്‍ തന്നെ അഭയം തേടി .

1993 ല്‍ യത്തീം ഖാനയില്‍ ഏഴാം ക്ലാസ്സില്‍ ഷൈജല്‍ പഠനം തുടങ്ങി.1996 ല്‍ ഓര്‍ഫനേജ് ഹൈസ്‌കൂളില്‍ നിന്ന് ഉന്നത വിജയത്തോടെ എസ്എസ്എല്‍സി പാസ്സായി, പിന്നീട് പ്രീഡിഗ്രിക്ക് പിഎസ്എംഒ കോളജില്‍ ചേര്‍ന്ന ഷൈജല്‍ പഠന സമയത്ത് 1996 ലാണ് സൈന്യത്തില്‍ ചേരുന്നത്.സ്‌പോര്‍ട്‌സിലും, എന്‍സിസിയിലും തല്‍പ്പരനായതിനാല്‍ വേഗത്തില്‍ സൈന്യത്തില്‍ ഇടം പിടിച്ചു.

പട്ടാളത്തില്‍ നിന്ന് ലീവിന് വരുമ്പോഴൊക്കെ യത്തീം ഖാനയില്‍ സന്ദര്‍ശനം നടത്താറുണ്ടായിരുന്നു. ഓര്‍ഫനേജില്‍ ഇന്ന് പൂര്‍വ്വ വിദ്യാര്‍ഥി സംഗമം നടക്കാനിരിക്കെയാണ് പഴയ സഹപാഠി നിശ്ചലമായ ശരീരവുമായി എല്ലാവരേയും ഈറനണിയിച്ച് എത്തിയത്.അവസാനത്തെ യാത്രക്കും ബാല്യം ചിലവിട്ട യത്തീംഖാനയിലെത്തിയതും വിധി നിര്‍ണ്ണയമാണ്.



തന്റെ ബാല്യത്തില്‍ അനുഭവിച്ച അതേ അനാഥത്വം പറക്കമുറ്റാത്ത മക്കള്‍ക്കും,ഭാര്യക്കും,കുടുംബത്തിനും നല്‍കിയാണ് ഷൈജലെന്ന പട്ടാളക്കാരന്റെ മടക്കം.പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസി. സി പി മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ ഷൈജലിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.

ഭാര്യ: റഹ്മത്ത്,മക്കള്‍:ഫാത്തിമ സന്‍ഹ, തന്‍സില്‍, ഫാത്തിമ മഹസ

Tags:    

Similar News