കണ്ണുരുട്ടിയതിന് 30 ലക്ഷം രൂപ പിഴ, ഇന്ത്യക്കാരിക്കെതിരെ ട്രൈബ്യൂണല്‍ വിധി
ലണ്ടന്‍: പെരുമാറ്റം അസ്വസ്ഥപ്പെടുത്തിയെന്ന പരാതിയില്‍ ഇന്ത്യക്കാരിക്ക് 30 ലക്ഷം രൂപ പിഴ. സ്‌കോട്ട്‌ലന്‍ഡ് എഡിന്‍ബര്‍ഗില്‍ ഡെന്റല്‍ പ്രാക്റ്റീസില്‍ ജോലി ചെയ്തിരുന്ന മൗറീന്‍ ഹൊവിസണും ഇന്ത്യന്‍ വംശജയായ ജസ്ന ഇക്ബാലും തമ്മിലുണ്ടായ പ്രശ്‌നത്തിലാണ് ട്രൈബ്യൂണല്‍ വിധി.
ഡെന്റല്‍ നഴ്സായ മൗറീന്‍ ഹോവിസണെ സഹപ്രവര്‍ത്തക ജിസ്ന ഇക്ബാലിന്റെ പെരുമാറ്റം അസ്വാരസ്യപ്പെടുത്തിയതായി എംപ്ലോയ്മെന്റ് ട്രൈബ്യൂണല്‍ കണ്ടെത്തി. 'ജസ്‌ന ഇക്ബാലിന്റെ പരുഷവും അവഗണന നിറഞ്ഞതുമായ പെരുമാറ്റവും കണ്ണുരുട്ടി കാണിക്കലും ഉള്‍പ്പെടെ ശത്രുതാപരമായ അന്തരീക്ഷം അവര്‍ക്ക് സഹിക്കാനാവാതെ വന്നു' ജഡ്ജി മക്കെ പറഞ്ഞു.
ജസ്ന തന്നെ സ്ഥിരമായി കണ്ണുരുട്ടി കാണിക്കുകയും, സംസാരിക്കുമ്പോള്‍ അപമാനകരമായി ആംഗ്യങ്ങള്‍ കാണിക്കയും ചെയ്തുവെന്ന് ഹോവിസണ്‍ ട്രൈബ്യൂണലില്‍ മൊഴിനല്‍കി. ജസ്‌ന ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും, ഹൊവിസണിന്റെ മൊഴി പാനല്‍ അംഗീകരിച്ചു.
ഇന്ത്യയില്‍ നിന്നുള്ള ദന്ത ഡോക്ടര്‍ യോഗ്യതയുള്ളയാളാണ് ജസ്‌ന. റിസപ്ഷന്‍ കൈകാര്യം ചെയ്തിരുന്ന ഹൊവിസണ്‍ സിക്ക് ലീവിലായപ്പോള്‍, ജസ്‌നക്ക് റിസപ്ഷനില്‍ ജോലി ലഭിച്ചു. തന്റെ ചുമതല മറ്റൊരാള്‍ക്കു നല്‍കിയത് അവരെ അസ്വസ്ഥയാക്കി. പിന്നീട് തിരികെ ജോലിക്കു വന്നപ്പോള്‍, റിസപ്ഷന്‍ ഒഴിഞ്ഞു കൊടുക്കാന്‍ ജിസ്‌ന തയ്യാറായില്ല. ഇതോടെ പ്രശ്‌നം കൂടുതല്‍ വഷളാവുകയും 64കാരിയായ ഹൊവിസണ്‍ ജോലി രാജിവെക്കുകയും ചെയ്തു. 25,000 പൗണ്ടാണ് നഷ്ടപരിഹാരമായി വിധിച്ചത്. 2024 സെപ്റ്റംബറിലാണ് പരാതിക്ക് ആസ്പദമായ സംഭവം.
