ആദിവാസി യുവതിയുടെ മരണം കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍

Update: 2025-03-12 01:00 GMT

കണ്ണൂര്‍: ഇരിക്കൂര്‍ ഊരത്തൂരില്‍ കശുവണ്ടി പെറുക്കല്‍ ജോലിക്ക് വയനാട്ടില്‍ നിന്നെത്തിയ യുവതിയെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു. ഭര്‍ത്താവ് ബാബുവിനെ (41) പോലിസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് വയനാട് തലപ്പുഴ പെരിയ ഇരുമനത്തൂര്‍ കാരിമന്തം പണിയ ഉന്നതിയിലെ ആലാറ്റില്‍ രജനിയെ (37) താമസസ്ഥലമായ കശുമാവിന്‍തോട്ടിലെ കെട്ടിടത്തില്‍ മരിച്ചനിലയില്‍ കണ്ടത്തിയത്. മൃതദേഹപരിശോധനയില്‍ വയറിനേറ്റ ചവിട്ടും തല നിലത്തടിച്ചതിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി മദ്യലഹരിയില്‍ ഭാര്യയുമായി വഴക്കുണ്ടായതായി പ്രതി സമ്മതിച്ചിട്ടുണ്ട്. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.