അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ആദിവാസി മരിച്ചു

Update: 2026-03-24 17:29 GMT

പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ആദിവാസി മരിച്ചു. കടമ്പാറ ഉന്നതിയിലെ രങ്കസ്വാമി(ബാബു58)ആണ് മരിച്ചത്. ഈ മാസം ഒന്‍പതിനാണ് ഷോളയൂര്‍ തെക്കേ കടമ്പാറ ഉന്നതിയിലെ രങ്കസ്വാമിയെ വീടിനു മുന്നില്‍ വച്ച് കാട്ടാന ആക്രമിച്ചത്. പുലര്‍ച്ചെ ഷോളയൂരിലെ ഉന്നതിക്ക് സമീപമുള്ള തോട്ടിലേക്ക് നടക്കുമ്പോഴാണ് രങ്കസ്വാമിയെ പ്രദേശത്ത് സ്ഥിരമായി നാശംവിതയ്ക്കുന്ന മുറിവാലന്‍ കൊമ്പന്‍ ആക്രമിച്ചത്. ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ നട്ടെല്ലിന് കാര്യമായി പരിക്കേറ്റിരുന്നു.

പരിക്കേറ്റ രങ്കസ്വാമിയെ വനപാലകരെത്തി ആദ്യം കോട്ടത്തറയിലെ ട്രൈബല്‍ സ്‌പെഷ്യാലിറ്റി താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അഞ്ച് വാരിയെല്ലുകള്‍ പൊട്ടുകയും നടുവിന് ക്ഷതമേല്‍ക്കുകയും ചെയ്തിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് മരണം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.