തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയെ മാറ്റും; പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചെന്ന് എം വി ഗോവിന്ദന്‍

Update: 2025-11-07 12:23 GMT

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയെ മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ട്. നിലവിലെ പ്രസിഡന്റ് പി എസ് പ്രശാന്ത് അടക്കമുള്ളവരെ മാറ്റുമെന്നും അദ്ദേഹം അറിയിച്ചു. പുതിയ പ്രസിഡന്റിനെ സമയത്ത് സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങള്‍ നല്‍കിയ പേരുകളല്ല പരിഗണിക്കുന്നതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഭരണസമിതിയെ മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. പി എസ് പ്രശാന്തിനെ വീണ്ടും നിയമിക്കേണ്ടെന്ന് പാര്‍ട്ടിയില്‍ ധാരണയായിരുന്നു. തെക്കന്‍ ജില്ലകളില്‍നിന്നുള്ള പാര്‍ട്ടി നേതൃതലത്തിലുള്ള ഒരാളെ പ്രസിഡന്റാക്കാനാണ് സാധ്യത. പ്രസിഡന്റ് അടക്കം മൂന്ന് അംഗങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലുള്ളത്. നായര്‍, ഈഴവ, പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള ഓരോ അംഗങ്ങളാണുണ്ടാകുക. പട്ടികവിഭാഗത്തില്‍നിന്നുള്ള അംഗത്തിന്റെ കാലാവധി കഴിഞ്ഞിട്ടില്ല. നായര്‍ പ്രതിനിധിയെ നിശ്ചയിക്കുന്നത് ഇത്തവണ സിപിഐയായിരിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് ഈഴവ പ്രാതിനിധ്യമാണ്.

കോട്ടയം, പത്തനംതിട്ട ജില്ലകളില്‍നിന്നുള്ള നേതാക്കളെ ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യം നേതാക്കള്‍ക്കിടയിലുണ്ട്. ആലപ്പുഴ ജില്ലാസെക്രട്ടേറിയറ്റ് അംഗമായ ടി കെ ദേവകുമാറിനെ പരിഗണിക്കാനിടയുണ്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു. ദേവകുമാര്‍ നിലവില്‍ കയര്‍ഫെഡ് ചെയര്‍മാനാണ്. ബോര്‍ഡിലെ കാലാവധി ബാക്കിയുള്ള അംഗവും ആലപ്പുഴയില്‍ നിന്നാണ്. അതിനാല്‍, ദേവകുമാറിനുള്ള സാധ്യത കുറവാണെന്ന അഭിപ്രായവും നേതാക്കള്‍ പങ്കുവെക്കുന്നു.