എംവിഡി വാഹനങ്ങളുടെ ഉദ്ഘാടനം ഉപേക്ഷിച്ച് ഗതാഗതമന്ത്രി

പരിപാടിക്കിടെ റദ്ദാക്കുന്നതായി അറിയിച്ച് ഗണേഷ്‌കുമാര്‍ മടങ്ങി

Update: 2025-09-29 14:23 GMT

തിരുവനന്തപുരം: എംവിഡി വാഹനങ്ങളുടെ ഉദ്ഘാടന ചടങ്ങ് റദ്ദാക്കി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. തിരുവനന്തപുരം കനകക്കുന്നില്‍ നിശ്ചയിച്ചിരുന്ന ചടങ്ങാണ് റദ്ദാക്കുന്നതായി മന്ത്രി അറിയിച്ചത്. മോട്ടാര്‍ വാഹനവകുപ്പിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്‍ ആരും എത്താത്തത് അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പരിപാടി റദ്ദാക്കുന്നതായി അറിയിച്ചത്. ചുമതലപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു.

മോട്ടോര്‍ വാഹന വകുപ്പിന്റെ ക്ഷണം സ്വീകരിച്ച് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വി കെ പ്രശാന്ത് എംഎല്‍എയോടും മാധ്യമപ്രവര്‍ത്തകരോടും അതിഥികളോടും ക്ഷമ ചോദിക്കുന്നതായി അറിയിച്ചാണ് ഉദ്ഘാടന പരിപാടി റദ്ദാക്കിയ വിവരം മന്ത്രി അറിയിച്ചത്. 52 എംവിഡി വാഹനങ്ങളുടെ ഉദ്ഘാടനമാണ് മറ്റൊരു ദിവസത്തേക്ക് മാറ്റാന്‍ മന്ത്രി നിര്‍ദേശിച്ചത്.

ഫ്ളാഗ് ഓഫ് ചെയ്യേണ്ട വാഹനങ്ങള്‍ പാലസിനു മുന്നിലേക്ക് കയറ്റി നിര്‍ത്തണമെന്ന് മന്ത്രി നേരത്തെ തന്നെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, സംഘാടകര്‍ ഇത് അനുസരിക്കാന്‍ തയാറായില്ല. വി കെ പ്രശാന്ത് എംഎല്‍എയുടെ പ്രസംഗം കഴിഞ്ഞതിനു പിന്നാലെ മന്ത്രി ഉദ്യോഗസ്ഥരെ ശാസിക്കുകയും പരിപാടി റദ്ദാക്കിയതായി അറിയിച്ച് മടങ്ങി പോവുകയുമായിരുന്നു.

വളരെ കുറച്ചു കസേരകള്‍ മാത്രമാണ് വേദിയിലുണ്ടായിരുന്നത്. കെഎസ്ആര്‍ടിസിയാണ് പരിപാടി വെച്ചിരുന്നതെങ്കില്‍ എല്ലാവരും എത്തിയേനെയെന്നും നിലവില്‍ ഇവിടെയുള്ളത് തന്റെ പാര്‍ട്ടിക്കാരും കുറച്ച് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരും മാത്രമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. പാലസിനു മുന്നിലെ ടൈല്‍ പൊട്ടിപ്പോകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ അകത്തേക്ക് കയറ്റി ഇടാത്തത്. മന്ത്രിയെത്തിയതിനുശേഷമാണ് ഓരോ വാഹനങ്ങളായി കൊട്ടാരത്തിനുള്ളിലേക്ക് പ്രവേശിപ്പിച്ചത്. ഫ്ളാഗ് ഓഫ് നിര്‍വഹിക്കാതെ മന്ത്രി പോയതോടെ വാഹനങ്ങള്‍ ആനയറയിലെ യാര്‍ഡിലേക്ക് മാറ്റാനാണ് തീരുമാനം.

Tags: