ലിസ്ബണില്‍ ട്രാം ദുരന്തം; 15 മരണം, 18 പേര്‍ക്ക് പരിക്ക്‌

Update: 2025-09-04 07:19 GMT

ലിസ്ബണ്‍: പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണില്‍ വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ഗ്ലോറിയ റെയില്‍വേ ട്രാം പാളം തെറ്റി മറിഞ്ഞുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. വിദേശ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 18ലേറെ പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ അഞ്ചുപേരുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.

വൈകുന്നേരം ആറുമണിയോടെ നടന്ന അപകടത്തില്‍, ''യെലോ ആന്‍ഡ് വൈറ്റ് എല്‍വദോര്‍ ഡി ഗ്ലോറിയ'' എന്ന പേരില്‍ അറിയപ്പെടുന്ന ജനപ്രിയ ട്രാം തലകീഴായി മറിഞ്ഞത്. ട്രാമിന്റെ ബ്രേക്കിങ് സിസ്റ്റത്തിലുണ്ടായ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുത്തനെയുള്ള ഇറക്കം ഇറങ്ങുന്നതിനിടെ ട്രാം അമിതവേഗത്തില്‍ പാഞ്ഞുകയറിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ട ട്രാമിന്റെ അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്തിയിരുന്നുവെന്ന കമ്പനിയുടെ അവകാശവാദം  പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

അപകടത്തെത്തുടര്‍ന്ന് പോര്‍ച്ചുഗല്‍ സര്‍ക്കാര്‍ വ്യാഴാഴ്ച ദേശിയ ദുഃഖാചരണം പ്രഖ്യാപിച്ചു. ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങളോടും പരുക്കേറ്റവരോടും രാജ്യം ഒന്നിച്ചുനില്‍ക്കുന്നതായും സര്‍ക്കാരിന്റെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

1885ല്‍ ആരംഭിച്ച എല്‍വദോര്‍ ഡി ഗ്ലോറിയ ട്രാം സര്‍വീസ്, ലിസ്ബണില്‍ നിന്ന് ബെയ്റോ ആള്‍ട്ടോയിലെ റെസ്റ്റോറേഴ്‌സ് സ്‌ക്വയര്‍ വരെ യാത്രക്കാരെ എത്തിക്കുന്നതിനുള്ളതാണ്. വിനോദസഞ്ചാരികളും തദ്ദേശവാസികളും ഒരുപോലെ ആശ്രയിക്കുന്ന ഈ ട്രാം സേവനം, വര്‍ഷംതോറും ഏകദേശം 30 ലക്ഷത്തിലധികം പേര്‍ ഉപയോഗിക്കുന്നു.

Tags: