വോയ്‌സ് കോളും എസ്എംഎസും മാത്രം ഉള്‍പ്പെടുത്തിയ പ്ലാനുകള്‍ നിര്‍ബന്ധം; ടെലികോം കമ്പനികള്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി ട്രായ്

Update: 2026-04-08 09:00 GMT

കോഴിക്കോട്: കുറഞ്ഞ നിരക്കില്‍ വോയ്‌സ് കോള്‍, എസ്എംഎസ് സേവനങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ മൊബൈല്‍ റീചാര്‍ജ് പ്ലാനുകള്‍ രാജ്യത്തെ ടെലികോം സേവനദാതാക്കള്‍ നിര്‍ബന്ധമായും നല്‍കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഉത്തരവിട്ടു. ഡാറ്റ സേവനങ്ങള്‍ ആവശ്യമില്ലാത്ത ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ സേവനം ഉറപ്പാക്കുന്നതിനായാണ് ഈ തീരുമാനം. നിലവില്‍ ഡാറ്റ ഉള്‍പ്പെടുത്തിയ പ്ലാനുകളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കില്‍ വോയ്‌സ് ഒണ്‍ലി പ്ലാനുകള്‍ ലഭ്യമാക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സാമ്പത്തിക ലാഭം ലഭിക്കുമെന്ന് ട്രായ് വ്യക്തമാക്കി. 2012ലെ ടെലികോം ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് നടപടി നടപ്പിലാക്കിയത്.

പുതിയ ഭേദഗതി പ്രകാരം എല്ലാ ടെലികോം കമ്പനികളും വോയ്‌സ്, എസ്എംഎസ് സേവനങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ പ്രത്യേക താരിഫ് വൗച്ചറുകള്‍ അവതരിപ്പിക്കേണ്ടതാണ്. വിഷയത്തില്‍ എം പി കൊടിക്കുന്നില്‍ സുരേഷിന്റെ ഇടപെടലാണ് നിര്‍ണായകമായത്. ഡാറ്റ സേവനം ഉപയോഗിക്കാത്ത ഉപഭോക്താക്കള്‍ക്കും അതിനായി അധിക തുക നല്‍കേണ്ട സാഹചര്യം ഒഴിവാക്കണമെന്ന ആവശ്യമാണ് അദ്ദേഹം ഉയര്‍ത്തിക്കാട്ടിയത്. 2026 മാര്‍ച്ച് 11നു ലോക്‌സഭയില്‍ വിഷയം ഉന്നയിച്ചപ്പോള്‍ ടെലികോം സഹമന്ത്രി അനുകൂല നടപടിയുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. പിന്നാലെ നടപടികള്‍ വേഗത്തിലാക്കുകയും ട്രായ് ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു. രാജ്യത്തെ കോടിക്കണക്കിന് ഉപഭോക്താക്കള്‍ക്കും, പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്മാര്‍ക്കും കുറഞ്ഞ വരുമാനക്കാര്‍ക്കും ഈ തീരുമാനം വലിയ ആശ്വാസമാകുമെന്ന് കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചു. ഉപഭോക്തൃ അവകാശ സംരക്ഷണത്തിലും ടെലികോം സേവനങ്ങളിലെ സമത്വം ഉറപ്പാക്കുന്നതിലും ഇത് നിര്‍ണായക നീക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: