ഗതാഗതക്കുരുക്ക്; തൃശൂര്‍-എറണാകുളം റോഡ് 12 മണിക്കൂര്‍ പൂര്‍ണമായി സ്തംഭിച്ചു

മണ്ണുത്തി-ഇടപ്പള്ളി പാതയില്‍ രോഗികളും വിമാനത്താവളത്തിലേക്കുള്ളവരും ഗതാഗതക്കുരുക്കില്‍ പെട്ടു

Update: 2025-08-16 07:11 GMT

തൃശ്ശൂര്‍: എറണാകുളം-തൃശ്ശൂര്‍ ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്. മണ്ണുത്തി-ഇടപ്പള്ളി പാതയിലെ ഗതാഗതക്കുരുക്ക് വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് തുടങ്ങിയത്. കുരുക്കിന് ഇപ്പോഴും അവസാനമായില്ല. ദൂരെനിന്നെത്തിയ ചരക്കുവാഹനങ്ങള്‍, വിമാനത്താവളത്തിലേക്കുള്ളവര്‍, രോഗികള്‍ ഉള്‍പ്പെടെയുള്ളവരാണ് കുടുങ്ങിക്കിടക്കുന്നത്. വാഹനങ്ങളുടെ നീണ്ടനിരയാണ് റോഡിലുള്ളത്. ഇന്ധനനഷ്ട പ്രതിസന്ധിയും വാഹനങ്ങള്‍ നേരിടുന്നുണ്ട്.

പട്ടാമ്പിയില്‍നിന്നും പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന തടി ലോറി വെള്ളിയാഴ്ച രാത്രി സര്‍വീസ് റോഡിലെ കുഴിയില്‍ വീണ് മറിഞ്ഞിരുന്നു. തടിക്കഷണങ്ങള്‍ റോഡിലേക്ക് വീണതോടെ രാത്രി എട്ടുമണി മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ വരെ ഗതാഗത തടസ്സം നേരിട്ടിരുന്നു. ലോറിയിലുണ്ടായിരുന്നവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. പോലിസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് തടിക്കഷണങ്ങള്‍ നീക്കം ചെയ്തത്.

റോഡിന്റെ മോശം അവസ്ഥയും മേല്‍പ്പാതയുടെയും അടിപ്പാതകളുടെയും നിര്‍മാണപ്രവര്‍ത്തനം നടക്കുന്നതിനാലും മറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതുമാണ് ഗതാഗതക്കുരുക്കിന് വഴിവെക്കുന്നത്. യാത്രക്കായി ആശ്രയിക്കുന്ന സര്‍വീസ് റോഡുകളുടെ അവസ്ഥ വളരെ മോശമായതുമാണ് ഗതാഗതക്കുരുക്കിന് കാരണം.



Tags: