ജനങ്ങള്‍ എന്തുകൊണ്ട് ഇങ്ങനെ തീരുമാനിച്ചു എന്ന് വിശദമായി പരിശോധിക്കുമെന്ന് ടി പി രാമകൃഷ്ണന്‍

Update: 2025-12-16 09:13 GMT

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫ് വിശദമായി പരിശോധിക്കുമെന്ന് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. ജനവിധി മാനിച്ച് ഭാവി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുമെന്നും, തിരുത്തല്‍ വരുത്തേണ്ട കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അത് നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്‍ഡിഎഫിന് അധികാര തുടര്‍ച്ച ഉണ്ടാകുന്നതിനെ നിഷേധിക്കുന്ന ജനവിധി ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പില്‍ ആകെ തോറ്റുപോയിട്ടൊന്നുമില്ല. മാധ്യമങ്ങള്‍ പറയുന്നതുപോലെ കപ്പല്‍ മുങ്ങി പോയിട്ടില്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. തോല്‍വി എന്നത് സത്യമാണ്. പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല എന്ന് പറഞ്ഞാല്‍ തോറ്റെന്ന് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

അവസരവാദപരമായ നിലപാട് എല്‍ഡിഎഫ് സ്വീകരിക്കില്ലെന്ന് ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിലെ ഭരണസമിതി രൂപീകരണത്തില്‍ ജനവിധി മാനിച്ചുകൊണ്ടുള്ള നിലപാടേ സ്വീകരിക്കുകയുള്ളൂ. ഇടതുമുന്നണി അടിത്തറ ബലപ്പെടുത്തുന്ന നിലപാടുമായാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ എന്തുകൊണ്ട് ഇങ്ങനെ തീരുമാനിച്ചു എന്നത് വിശദമായി പരിശോധിക്കുമെന്നും കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു.

Tags: