തോഷാഖാന അഴിമതി കേസ്; ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും 17 വര്‍ഷം തടവ്
ഇസ്ലാമാബാദ്: തോഷാഖാന അഴിമതി കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്താന്‍ തെഹ്രീക് ഇ ഇന്‍സാഫ് സ്ഥാപകനുമായ ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും 17 വര്‍ഷം തടവ്. പാകിസ്താന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ പ്രത്യേക കോടതിയാണ് തടവുശിക്ഷ വിധിച്ചത്.
ഇരുവര്‍ക്കും 16.4 ദശലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ കൂടുതല്‍ തടവ് അനുഭവിക്കേണ്ടിവരും. വിധിക്ക് ശേഷം, അഡിയാല ജയിലിലും പരിസരത്തും കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
2021 മേയ് മാസത്തില്‍ സൗദി കിരീടാവകാശി ഔദ്യോഗിക സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രിയായ ഇമ്രാന്‍ ഖാന് നല്‍കിയ ഔദ്യോഗിക സമ്മാനങ്ങളുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. സമ്മാനങ്ങള്‍ വാങ്ങുന്നതിലും വില്‍ക്കുന്നതിലും നിയമങ്ങളും ചട്ടങ്ങളും ലംഘിക്കപ്പെട്ടുവെന്നും ദേശീയ ഖജനാവിന് കേടുപാടുകള്‍ സംഭവിച്ചുവെന്നുമായിരുന്നു എഫ്ഐഎയുടെ നിലപാട്.