സിഎന്‍ജി വിലയില്‍ കിലോഗ്രാമിന് 2.50 രൂപയുടെ വര്‍ധന

Update: 2026-04-04 09:46 GMT

ന്യൂഡല്‍ഹി: ടോറന്റ് ഗ്യാസ് സിഎന്‍ജി വിലയില്‍ കിലോഗ്രാമിന് 2.50 രൂപയുടെ വര്‍ധന പ്രഖ്യാപിച്ചു. പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. ഇന്ധന വില വര്‍ധിച്ചെങ്കിലും ഓട്ടോ നിരക്കുകളില്‍ മാറ്റമില്ലാത്തത് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെയും ചെറുകിട ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റര്‍മാരെയും കാര്യമായി ബാധിച്ചിട്ടുണ്ട്.

സ്വകാര്യ ഇന്ധന കമ്പനികളെല്ലാം വില വര്‍ദ്ധിപ്പിക്കുന്ന പ്രവണതയാണ് നിലവില്‍ വിപണിയില്‍ പ്രകടമാകുന്നത്. നയാര എനര്‍ജിക്ക് പിന്നാലെ ഷെല്‍ ഇന്ത്യയും പെട്രോള്‍, ഡീസല്‍ വിലകള്‍ വര്‍ധിപ്പിച്ചു. ബെംഗളൂരുവില്‍ ഷെല്ലിന്റെ സ്റ്റാന്‍ഡേര്‍ഡ് പെട്രോള്‍ ലിറ്ററിന് 119.85 രൂപയായും പവര്‍ വേരിയന്റിന് 129.85 രൂപയായും ഉയര്‍ന്നു. നേരത്തെ മാര്‍ച്ച് 26-ന് നയാര എനര്‍ജിയും ലിറ്ററിന് അഞ്ച് രൂപ വരെ വര്‍ധിപ്പിച്ചിരുന്നു.

എന്നാല്‍ രാജ്യത്തെ ഇന്ധന വിപണിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന പൊതുമേഖലാ എണ്ണക്കമ്പനികള്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല എന്നത് ആശ്വാസകരമാണ്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 94.77 രൂപയിലും ഡീസല്‍ 87.67 രൂപയിലുമാണ് വില്‍ക്കുന്നത്.




Tags: