ഇറാനുമായി യുദ്ധം ചെയ്യുന്നതിനെതിരേ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി യുഎസ് ഉന്നത ഉദ്യോഗസ്ഥര്‍

Update: 2026-02-24 09:23 GMT

വാഷിങ്ടണ്‍: ഇറാനുമായി യുദ്ധം ചെയ്യുന്നതിനെതിരേ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി യുഎസ് ഉന്നത ഉദ്യോഗസ്ഥര്‍. ഇറാനെതിരായ സൈനിക നടപടി ഗുരുതരമായ അപകടസാധ്യതകള്‍ ഉയര്‍ത്തുമെന്ന് യുഎസ് ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥര്‍ക്കും മുന്നറിയിപ്പ് നല്‍കി.

ഏതൊരു ആക്രമണവും യുഎസിന് കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തുമെന്നും മിഡില്‍ ഈസ്റ്റിലുടനീളം സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ട്രംപ് ഭരണകൂടത്തിന്റെ ഉന്നത സൈനിക ഉപദേഷ്ടാവായ ജനറല്‍ കൈന്‍ മുന്നറിയിപ്പ് നല്‍കി. ഒരിക്കല്‍ ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ അതിന്റെ അനന്തരഫലങ്ങള്‍ നിയന്ത്രിക്കാന്‍ പ്രയാസമായിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

ഇറാനെ ആക്രമിക്കണോ അതോ നയതന്ത്ര ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം നല്‍കണോ എന്ന കാര്യത്തില്‍ യുഎസ് ഭരണകൂടത്തിനുള്ളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന സമയത്താണ് കെയ്നിന്റെ പ്രസ്താവന. സൈനിക നടപടി സ്വീകരിക്കുന്നതിന് മുമ്പ് ചര്‍ച്ചകളുടെ സാധ്യതകള്‍ പരിശോധിക്കാന്‍ യുഎസ് അംബാസഡര്‍മാരായ സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്നറും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.