ഒരു വര്‍ഷത്തിനുള്ളില്‍ ടോള്‍ ബൂത്തുകള്‍ നിര്‍ത്തലാക്കും, പകരം തടസ്സമില്ലാത്ത സംവിധാനം: നിതിന്‍ ഗഡ്കരി

Update: 2025-12-04 10:14 GMT

ന്യൂഡല്‍ഹി: ദേശീയപാതകളിലെ നിലവിലുള്ള ടോള്‍ പിരിവ് സംവിധാനം അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുമെന്നും പകരം പൂര്‍ണ്ണമായും ഇലക്ട്രോണിക്, തടസ്സങ്ങളില്ലാത്ത ടോള്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി.

പുതിയ സംവിധാനം പത്ത് സ്ഥലങ്ങളില്‍ ആരംഭിച്ചതായും ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യമെമ്പാടും ഇത് നടപ്പിലാക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ രാജ്യത്തുടനീളം ഏകദേശം 4,500 ഹൈവേ പദ്ധതികള്‍ നടക്കുന്നുണ്ടെന്നും അവയുടെ ആകെ ചെലവ് ഏകദേശം 10 ലക്ഷം കോടി രൂപയാണെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ്, വാഹനങ്ങള്‍ ടോള്‍ പ്ലാസകളില്‍ നിര്‍ത്തി പണമോ കാര്‍ഡോ ഉപയോഗിച്ച് പണമടയ്ക്കണമായിരുന്നു. ഫാസ്റ്റ് ടാഗ് നിലവില്‍ വന്നതോടെ, ടോള്‍ പ്ലാസകളില്‍ വാഹനങ്ങളുടെ തങ്ങല്‍ സമയം കുറഞ്ഞു. ഇനി, അടുത്ത ഘട്ടം തടസ്സങ്ങളില്ലാത്ത ഒരു ഹൈടെക് ടോള്‍ പ്ലാസയിലേക്കുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ പ്രോഗ്രാം വികസിപ്പിച്ചെടുത്തിട്ടുണ്ട്. രാജ്യത്തുടനീളമുള്ള ഏകീകൃതവും പരസ്പരബന്ധിതവുമായ ഒരു ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ പ്ലാറ്റ്ഫോമാണിത്. വ്യത്യസ്ത ഹൈവേകളിലെ വ്യത്യസ്ത സംവിധാനങ്ങളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയും ഒരൊറ്റ സാങ്കേതികവിദ്യ ഉപയോഗിച്ച് ടോള്‍ പിരിവ് സുഗമമാക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

Tags: