സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണ വ്യക്തമാകാന്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ഥി പട്ടിക കണ്ടാല്‍ മതി: രമേശ് ചെന്നിത്തല

Update: 2026-03-23 06:47 GMT

ആലപ്പുഴ: തിരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണ വ്യക്തമാണെന്നും എന്‍ഡിഎയുടെ സ്ഥാനാര്‍ഥി പട്ടിക കണ്ടാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും രമേശ് ചെന്നിത്തല. ബിജെപിക്ക് എംഎല്‍എമാരെ ഉണ്ടാക്കി കൊടുക്കാനുള്ള ഡീലാണ് നടക്കുന്നത്. മോദി-അമിത് ഷാ-പിണറായി വിജയന്‍ എന്നിവര്‍ തമ്മിലുള്ള ഡീലാണ് ഇതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്രത്തെ മുഖ്യമന്ത്രി വിമര്‍ശിക്കുന്നില്ല. ഇതില്‍ നിന്ന് തന്നെ ഡീല്‍ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റുമാനൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആരാണ് എന്‍ഡിഎയ്ക്കുള്ള ഒരോ വോട്ടും ഇടത് മുന്നണിയെ സഹായിക്കാനാണ്. പത്തനംതിട്ടയില്‍ മുഖ്യമന്ത്രി പ്രചാരണത്തിന് എത്തുമ്പോള്‍ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടിവരും. ആചാരങ്ങള്‍ ലംഘിക്കാനുള്ളതാണോയെന്ന് മുഖ്യമന്ത്രി മറുപടി പറയണം. ശബരിമലയിലെ വിശ്വാസ സമൂഹത്തോട് മുഖ്യമന്ത്രി മാപ്പു പറയുമോ എന്നും അദ്ദേഹം ചോദിച്ചു.

ശബരിമല കൊള്ളയിലും ആഗോള അയ്യപ്പ സംഗമത്തിലും നടപടി സ്വീകരിച്ചില്ല. പൊളിറ്റിക്കല്‍ ഡീലാണ് കേരളത്തില്‍ നടന്നിട്ടുള്ളത്. എന്ത് ഡീലും ജനങ്ങള്‍ തള്ളിക്കളയും. യുഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ മുഖ്യമന്ത്രി ആരാകണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും. രാഹുല്‍ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Tags: