തമിഴും ഇംഗ്ലീഷും മുഖ്യഭാഷകളെന്ന് തമിഴ്‌നാട് വിദ്യാഭ്യാസ നയരേഖ

Update: 2025-08-08 11:38 GMT

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയരേഖ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പുറത്തിറക്കി. തമിഴും ഇംഗ്ലീഷും മുഖ്യ ഭാഷകളായി പഠിപ്പിക്കുക എന്ന ദ്വിഭാഷാ നയം ആവര്‍ത്തിക്കുന്നതാണ് നയരേഖ. ജൂലൈ 31ന് അഞ്ച് വയസ് പൂര്‍ത്തിയാവുന്ന കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കാം. ദേശീയ വിദ്യാഭ്യാസ നയത്തില്‍ ആറ് വയസാണ് നിര്‍ദേശിച്ചിട്ടുള്ളത്. തമിഴ്‌നാടിന്റെ തനതായ സ്വഭാവം മനസ്സില്‍ വെച്ചാണ് നയം തയ്യാറാക്കിയതെന്ന് സ്റ്റാലിന്‍ പറഞ്ഞു.

പുസ്തകങ്ങള്‍ മനഃപാഠമാക്കുന്നതിനുപകരം പകരം വിദ്യാര്‍ഥികളെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സഹായിക്കുക, സര്‍ഗാത്മകത വികസിപ്പിക്കുക, വിദ്യാഭ്യാസത്തെ ശാരീരിക പരിശീലനവുമായി ബന്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളും രേഖയിലുണ്ട്. വിദ്യാഭ്യാസത്തെ ഭരണഘടനയുടെ സംസ്ഥാന പട്ടികയിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലേക്കുള്ള ദേശീയതല പ്രവേശന പരീക്ഷകള്‍ നിര്‍ത്തലാക്കാന്‍ നയം ആവശ്യപ്പെടുന്നുണ്ട്. പകരം 9, 10 ക്ലാസുകളിലെ ഏകീകൃത മാര്‍ക്ക് കണക്കാക്കി, അതിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തണമെന്നാണ് നിര്‍ദേശം.