പുന്നക്കബസാര്‍(തൃശൂര്‍): സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനായ ടി കെ മുത്തുക്കോയ തങ്ങള്‍ അന്തരിച്ചു. ഐറ്റാണ്ടായില്‍ സീതി തങ്ങളുടേയും ബുഖാറയില്‍ കീപ്പാട്ട് ബീക്കുഞ്ഞി ബീവിയുടേയും മകള്‍ റഹീമ ബീവിയാണ് ഭാര്യ. മക്കള്‍: ഫാത്തിമ ബാനു, ബുശ്‌റ ബീവി. സഹോദരങ്ങള്‍: ടി കെ കുഞ്ഞി ബീവി, പരേതനായ ടി കെ പൂക്കോയ തങ്ങള്‍, ടി കെ എം സഈദ്, ടി കെ ആറ്റക്കോയ.
തക്യാവില്‍ ഖാളിയാര്‍ കോയകുഞ്ഞി തങ്ങളുടേയും ഐറ്റാണ്ടിയില്‍ ആയിഷ ചെറിയബീവിയുടേയും മകനായി 1954ലാണ് ജനനം. പെരിഞ്ഞനം സെന്‍ട്രല്‍ സ്‌കൂള്‍(തുരുത്തി), എഎംയുപി സ്‌കൂള്‍, പനങ്ങാട് ഹൈസ്‌കൂള്‍, ആര്‍എംഎച്ച്എസ് പെരിഞ്ഞനം, എംഎസ് എംഎച്ച്എസ് സ്‌കൂള്‍ വന്മേനാട് എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ പഠനം. കാതിക്കോട് റഹ്മാനിയയില്‍ നിന്നും അറബി എന്‍ട്രന്‍സ് പരീക്ഷയില്‍ വിജയം നേടി. വന്മേനാട് എല്‍പി സ്‌കൂളില്‍ അധ്യാപകനായി.
ഗ്രോയിങ്ങ് യൂത്ത്മൂവ്‌മെന്റ് ആര്‍ട്ട് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബിന്റേയും ചലനം കൈയെഴുത്ത് മാസികയുടെയും പ്രവര്‍ത്തകനായാണ് സാമൂഹ്യ രംഗത്തേക്ക് പ്രവേശിച്ചത്. ചെറുപ്പകാലം മുതല്‍ക്കേ കവിതയും കഥയും ലേഖനവും എഴുതിത്തുടങ്ങി. നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ സഹകാരിയായിരുന്ന അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ വാഴ്ചക്കെതിരെ പ്രതിഷേധിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ ജനതാ പാര്‍ട്ടിക്ക് വേണ്ടി പ്രസംഗിക്കുകയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.
പിന്നീട്, ആഴത്തിലുള്ള ഖുര്‍ആന്‍ പഠനത്തില്‍ മുഴുകി. ജമാഅത്തെ ഇസ്‌ലാമി, സിമി എന്നീ വേദികളില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. പാവറട്ടി കേന്ദ്രീകരിച്ച് ധിഷണ പഠന വേദി സ്ഥാപിച്ചു. പ്രബോധനം, വിവേകം, തേജസ് തുടങ്ങിയ വിവിധ ആനുകാലികങ്ങളിലായി നിരവധി കവിതകളും കഥകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഖബറടക്കം തിങ്കളാഴ്ച (ആഗസ്റ്റ് 12) വൈകീട്ട് മൂന്നു മണിക്ക് പുന്നക്കബസാര്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍.
