വയനാട് ഡിസിസി പ്രസിഡന്റായി ടി ജെ ഐസക് ചുമതലയേറ്റു

Update: 2025-09-26 11:21 GMT

വയനാട്: വയനാട് ഡിസിസി പ്രസിഡന്റായി ടി ജെ ഐസക് ചുമതലയേറ്റു. കല്‍പ്പറ്റയില്‍ ചേര്‍ന്ന ഡിസിസി യോഗത്തിലാണ് ചുമതലയേറ്റെടുത്തത്. നിലവില്‍ കോണ്‍ഗ്രസിനകത്ത് പ്രശ്‌നങ്ങളില്ലെന്നും ഉള്ള പ്രശ്‌നങ്ങളെ പരിഹരിച്ച് എല്ലാവരെയും ഒരുമിച്ച് കൊണ്ടു പോകുമെന്നും ടി ജെ ഐസക് പറഞ്ഞു. സ്ഥാനമേറ്റതിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ ദിവസമാണ് വയനാട് ഡിസിസി പ്രസിഡന്റായിരുന്ന എന്‍ ഡി അപ്പച്ചന്‍ രാജിവച്ചത്.

വയനാട്ടിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ്പോര് ഉണ്ടായിരുന്നു. രാജി, പാര്‍ട്ടി ചോദിച്ചു വാങ്ങിയതാണെന്ന റിപോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് താന്‍ സ്വയം സ്ഥാനം ഒഴിഞ്ഞതാണെന്ന് പറഞ്ഞ് എന്‍ ഡി അപ്പച്ചന്‍ രംഗത്തെത്തിയത്. എന്‍ ഡി അപ്പച്ചന്റെ കീഴിലുള്ള ഔദ്യോഗിക വിഭാഗത്തിന്റെ ചില നടപടികള്‍ക്കെതിരെ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ പക്ഷത്തിലുള്ള നേതാക്കള്‍ രംഗത്തുവന്നത് വയനാട്ടില്‍ കോണ്‍ഗ്രസിന് സംഘടനാ തലത്തില്‍ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രസിഡന്റിന് രാജി വയ്ക്കേണ്ടി വരുന്ന സാഹചര്യം ഉരുത്തിരിഞ്ഞതെന്നും റിപോര്‍ട്ടുകളുണ്ട്.

അതേസമയം,വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യയില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, മുന്‍ കോണ്‍ഗ്രസ് നേതാവ് കെ കെ ഗോപിനാഥന്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിരുന്നു. പിന്നീട് ഇവര്‍ക്ക് കല്പറ്റ സെഷന്‍സ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Tags: