കോടതിയില്‍ അരി വിതറിയ പ്രതിക്ക് പിഴ; കേസ് ജയിക്കാനുള്ള മന്ത്രവാദമെന്ന് സംശയം
ന്യൂഡല്‍ഹി: കൊലക്കേസിലെ വിചാരണയ്ക്കിടെ കോടതിമുറിയില്‍ അരി വിതറിയ പ്രതിക്ക് 2,000 രൂപ പിഴയിട്ടു. ഡല്‍ഹി തീസ് ഹസാരി കോടതിയില്‍ ആഗസ്റ്റ് പതിനൊന്നിനാണ് സംഭവം. കൊലക്കേസില്‍ വിചാരണ നേരിടുന്ന ഡോ. ചന്ദര്‍ വിദാസാണ് അരിവിതറിയത്. ഇതോടെ കോടതി നടപടികള്‍ 20 മിനുട്ടോളം സ്തംഭിച്ചു. തുടര്‍ന്നാണ് ജഡ്ജി ഷെഫാലി ടാണ്‍ഡന്‍ പ്രതിയെ പിഴയ്ക്ക് ശിക്ഷിച്ചത്.
''കോടതിക്ക് മുന്നിലുള്ള പ്രതി ചന്ദര്‍ വിദാസ് ഡോക്ടറാണ്. നല്ല വിദ്യാഭ്യാസമുള്ള ഇയാള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ നിന്നാണ് വരുന്നത്.''- കോടതി ചൂണ്ടിക്കാട്ടി. അരിവിതറല്‍ സംഭവത്തിന് ശേഷം കോടതിയിലുണ്ടായിരുന്ന അഭിഭാഷകര്‍ ജഡ്ജിയുടെ അടുത്തേക്ക് പോവാന്‍ വിസമ്മതിച്ചതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപോര്‍ട്ട് ചെയ്യുന്നു. എന്തിനാണ് അരിയുമായി കോടതിയില്‍ വന്നതെന്ന് വെളിപ്പെടുത്താന്‍ പ്രതി വിസമ്മതിച്ചു.നേരത്തെ രണ്ടാം കോടതിയില്‍ ഈ പ്രതി വന്ന സമയത്തും അരി കണ്ടെത്തിയിരുന്നതായി കോടതി ജീവനക്കാര്‍ പറയുന്നു.