'കുലംകുത്തികളെ കാലം വര്‍ഗവഞ്ചകന്‍ എന്ന് വിളിക്കും'; ജി സുധാകരനെതിരേ പ്രതിഷേധ ബാനര്‍

Update: 2026-03-13 07:05 GMT

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ച മുതിര്‍ന്ന നേതാവ് ജി സുധാകരനെതിരേ പുന്നപ്രയിലെ വീടിന് മുന്നില്‍ പ്രതിഷേധ ബാനര്‍. കുലംകുത്തിയെന്നും വര്‍ഗവഞ്ചകനെന്നും അധിക്ഷേപിച്ചുകൊണ്ടാണ് ബാനര്‍. 'കുലംകുത്തികളെ കാലം വര്‍ഗവഞ്ചകന്‍ എന്ന് വിളിക്കും' എന്നാണ് ബാനറിലെ വാചകം. ഭഗവതിക്കല്‍ സഖാക്കള്‍ എന്ന പേരിലാണ് ബാനര്‍ സ്ഥാപിച്ചിട്ടുള്ളത്. പ്രതിഷേധം കണക്കിലെടുത്ത് ജി സുധാകരന്റെ വീടിന് പൊലീസ് സുരക്ഷ ഒരുക്കി.

സിപിഎമ്മുമായി ഇടഞ്ഞ ജി സുധാകരന്‍ ഇക്കഴിഞ്ഞ ദിവസമാണ് അമ്പലപ്പുഴയില്‍ നിന്ന് സ്വതന്ത്രനായി മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചത്. വാര്‍ത്ത സമ്മേളനം വിളിച്ചായിരുന്നു പ്രതികരണം. ഒരു പാര്‍ട്ടിയിലും മുന്നണിയിലും ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും താന്‍ പാര്‍ട്ടി അംഗത്വം ഒഴിഞ്ഞെന്നും പാര്‍ട്ടി വിട്ടുവെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു.

പിന്നാലെ രാത്രിയില്‍ സുധാകരനെതിരേ പ്രതിഷേധ പ്രകടനം നടന്നിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാഘവന്‍, ചാരുംമൂട് ഏരിയാ കമ്മിറ്റി സെക്രട്ടറി ബി ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്.

Tags: