വണ്ടിപ്പെരിയാറിന് സമീപം കടുവയിറങ്ങി; പശുവിനെയും വളര്‍ത്തുനായയെയും കൊന്നു
ഇടുക്കി: വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലില്‍ കടുവയിറങ്ങി. തോട്ടം തൊഴിലാളിയായ നാരായണന്റെ പശുവിനെയും ബാല മുരുകന്‍ എന്നയാളുടെ വളര്‍ത്തുനായയെയും കൊന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
ഗ്രാമ്പിയില്‍ കണ്ട കടുവ തന്നെയാണ് ഇവിടെയും ഇറങ്ങിയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കാലിന് പരിക്കുള്ള കടുവ കാടുകയറിയെന്ന് ഇന്നലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. കടുവയെ മയക്കുവെടിവച്ച് പിടികൂടി തേക്കടിയിലെത്തിച്ച് ചികില്‍സിക്കാനായിരുന്നു വനംവകുപ്പിന്റെ നീക്കം. പ്രദേശത്ത് ദൗത്യസംഘത്തിന്റെ തിരച്ചില്‍ ഊര്‍ജിതമാണ്.
