മുറിഞ്ഞ വിരലുകള്‍ വലിച്ചെറിഞ്ഞു; വിരലുകളറ്റ കുട്ടിയോട് അധ്യാപകരുടെ ക്രൂരത
തുമകൂരു: കര്‍ണാടകയിലെ തുമകൂരു ജില്ലയില്‍ സ്‌കൂള്‍ അധികൃതരുടെ ക്രൂരമായ അനാസ്ഥയെത്തുടര്‍ന്ന് ഒന്നാം ക്ലാസുകാരിക്ക് നഷ്ടമായത് രണ്ട് വിരലുകള്‍. ഗുലുരു ഗ്രാമത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ ഫെബ്രുവരി 11-നാണ് മനസാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്. ഉച്ചഭക്ഷണത്തിനായി വരിനില്‍ക്കുന്നതിനിടെ സ്‌കൂളിലെ ഇരുമ്പുവാതിലില്‍ കുടുങ്ങിയാണ് കുട്ടിയുടെ വിരലുകളറ്റത്. എന്നാല്‍, ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം, അറ്റുവീണ വിരലുകള്‍ അധ്യാപകര്‍ തൂത്തുവാരി മാലിന്യക്കുട്ടയില്‍ ഉപേക്ഷിക്കുകയാണ് ചെയ്തത്.
അപകടം നടന്നയുടന്‍ കുട്ടി വേദനകൊണ്ട് നിലവിളിച്ചെങ്കിലും അധ്യാപകര്‍ കൃത്യസമയത്ത് വൈദ്യസഹായം ലഭ്യമാക്കിയില്ല. രക്തസ്രാവം തടയാന്‍ മുറിവില്‍ തുണി കൊണ്ട് കെട്ടുക മാത്രമാണ് ചെയ്തത്. പിന്നീട് സ്‌കൂള്‍ അധികൃതര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് രക്ഷിതാക്കളെത്തിയാണ് കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വിരലുകള്‍ സുരക്ഷിതമായി സൂക്ഷിക്കുകയും നിര്‍ണ്ണായകമായ ആദ്യ മണിക്കൂറുകളില്‍ തന്നെ കുട്ടിയെ എത്തിക്കുകയും ചെയ്തിരുന്നെങ്കില്‍ വിരലുകള്‍ തുന്നിച്ചേര്‍ക്കാന്‍ കഴിയുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് അധ്യാപകരുടെ ക്രൂരത പുറംലോകമറിഞ്ഞത്.
സംഭവത്തില്‍ രക്ഷിതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് തുമകൂരു റൂറല്‍ പോലിസ് പ്രഥമാധ്യാപകന്‍ നാഗേഷ്, അധ്യാപകരായ രേണുകമ്മ, വെങ്കിടേഷ്, ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ ഹനുമന്തപ്പ എന്നിവര്‍ക്കെതിരേ കേസെടുത്തു.
