തൃശൂര്‍ പൂരം കലക്കല്‍; എം ആര്‍ അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ട, താക്കീതില്‍ ഒതുക്കും; ഡിജിപി
സസ്‌പെന്‍ഷന്‍ നടപടി പോലും ആവശ്യമില്ലെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍
തൃശൂര്‍: പൂരം കലക്കല്‍ വിവാദത്തില്‍ എഡിജിപി എം. ആര്‍.അജിത് കുമാറിനെതിരെ കടുത്ത നടപടിയില്ല. അജിത് കുമാറിനെ പോലിസില്‍ നിന്ന് മാറ്റിയതിനാല്‍ കടുത്ത നടപടി വേണ്ടെന്നും, സസ്‌പെന്‍ഷന്‍ നടപടി പോലും ആവശ്യമില്ലെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍. മുന്‍ ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പുതിയ ശിപാര്‍ശ എഴുതിച്ചേര്‍ത്തു. താക്കീത് നല്‍കി അന്വേഷണം അവസാനിപ്പിക്കുമെന്നാണ് പോലിസ് ആസ്ഥാനത്തുനിന്ന് ലഭിക്കുന്ന സൂചന. സര്‍ക്കാരിന്റെ ആവശ്യപ്രകാരം മാത്രമായിരിക്കും പുനഃപരിശോധനയുണ്ടാവുക.
പൂരം കലക്കലിലെ അന്വേഷണത്തിന്റെ ഭാഗമായിട്ട് എം.ആര്‍ അജിത് കുമാറിന്റെ ഇടപെടലുകള്‍ സംസ്ഥാന പോലിസ് മേധാവി ഷേഖ് ദര്‍വേശ് സഹേബ് അന്വേഷിച്ചിരുന്നു. തൃശൂര്‍ പൂരം കലക്കിയ സമയത്ത് അവിടെയുണ്ടായിട്ടും ക്രമസമാധാന ചുമതലയിലുണ്ടായിരുന്ന എഡിജിപി എം ആര്‍ അജിത്കുമാര്‍ ഇടപെടാന്‍ തയ്യാറായില്ലെന്ന് കണ്ടെത്തി.
തനിക്കെതിരെ അജിത് കുമാര്‍ ഗൂഢാലോചന നടത്തിയെന്ന പി വിജയന്റെ ആരോപണം ശരിവെച്ച് രണ്ടാമത്തെ റിപ്പോര്‍ട്ടും സംസ്ഥാന പോലിസ് മേധാവിയായിരുന്ന ഷേക്ക് ദര്‍വേഷ് സഹേബ് നല്‍കി. ഇത് അംഗീകരിച്ച് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് ഫയല്‍ അയച്ചു. എന്നാല്‍ ഇതുരണ്ടും നിലവിലെ സംസ്ഥാന പോലിസ് മേധാവി റവാഢ ചന്ദ്രശേഖറിന് ഇന്നലെ സര്‍ക്കാര്‍ തിരിച്ചയച്ചിരുന്നു. റവാഢ ചന്ദ്രശേഖര്‍ ഫയല്‍ പരിശോധിച്ച് ശേഷം അഭിപ്രായം രേഖപ്പെടുത്തണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. അതേസമയം, അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ എം ആര്‍ അജിത് കുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
