കാട്ടുപന്നി കുറുകെച്ചാടി നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് വയലിലേക്കു മറിഞ്ഞു; മൂന്നു യുവാക്കള്‍ മരിച്ചു, മൂന്നുപേര്‍ക്ക് പരിക്ക്
കൊടുമ്പ് കല്ലിങ്കല്‍ ജങ്ഷനില്‍ വച്ചാണ് കാര്‍ അപകടത്തില്‍പ്പെട്ടത്
ചിറ്റൂര്‍: ചിറ്റൂര്‍ റോഡില്‍ കാട്ടുപന്നി കുറുകെച്ചാടി നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മൂന്നു യുവാക്കള്‍ മരണപ്പെട്ടു. പാലക്കാട് സ്വദേശികളായ രോഹന്‍ രഞ്ജിത്(24), രോഹന്‍ സന്തോഷ്(22), സനൂജ്(19)എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റ് മൂന്നു പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ പരിക്കേറ്റ ഋഷി(24), ജിതിന്‍(21), ആദിത്യന്‍ എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
സുഹൃത്തുക്കളായ ആറുപേരും ആഴ്ചാവസാനം പാലക്കാട്ടെത്തി യാത്രപോകുന്നതു പതിവാണ്. ഇങ്ങനെ പോയി മടങ്ങുന്നതിനിടെയാണ് അപകടം. ഇന്നലെ രാത്രി ഏകദേശം 11 മണിയോടെയാണ് അപകടം. ചിറ്റൂരില്‍ നിന്ന് മടങ്ങിവരവേ കൊടുമ്പ് കല്ലിങ്കല്‍ ജങ്ഷനില്‍ വച്ചാണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട കാര്‍ മൈല്‍ക്കുറ്റിയിലും മരത്തിലും ഇടിച്ചു പാടത്തേക്കു മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ട കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു. കാട്ടുപന്നി കുറുകെ ചാടിയപ്പോള്‍ കാര്‍ വെട്ടിച്ചതാണ് അപകടത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. വന്യമൃഗം കുറുകെ ചാടിയതാണ് അപകട കാരണമെന്നാണ് പരിക്കേറ്റവര്‍ പോലിസിനു നല്‍കിയ മൊഴി. മരിച്ച മൂന്നു യുവാക്കളുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.