കെ എം ബഷീര്‍ കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം;അനിശ്ചിതമായി നീളുന്ന വിചാരണ

കൊലക്കേസിലെ പ്രതിക്ക് ഏതാനും ദിവസം മുന്‍പാണ് ആലപ്പുഴ കലക്ടര്‍ പദവി നല്‍കി സര്‍ക്കാര്‍ ആദരിച്ചത്. മറ്റ് ഐഎഎസുകാര്‍ പതിമൂന്നും പതിനഞ്ചും വര്‍ഷം കഴിഞ്ഞാണ് കലക്ടര്‍ ആവുന്നെതെങ്കില്‍ ശ്രീറാം ആലപ്പുഴ കലക്ടര്‍ ആയത് കേവലം ഒന്‍പത് വര്‍ഷത്തിനുള്ളിലായിരുന്നു

Update: 2022-08-03 07:03 GMT

കെ പി ഒ റഹ്മത്തുല്ല

മലപ്പുറം: മാധ്യമ പ്രവര്‍ത്തകനും സിറാജ് തിരുവനന്തപുരം യുനിറ്റ് ചീഫുമായിരുന്ന കെ എം ബഷീറിനെ ശ്രീറാം വെങ്കിട്ട് രാമന്‍ കാറിടിച്ച് കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം തികയുന്നു. 2019 ആഗസ്റ്റ് 3ന് രാത്രി 1.30 നാണ് തിരുവനന്തപുരം പബ്ലിക് ഓഫിസിന് മുന്നില്‍ വെച്ച് റോഡരികില്‍ ബൈക്ക് നിര്‍ത്തി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന ബഷീറിനെ മദ്യപിച്ച് ലക്കുകെട്ട അന്നത്തെ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ട് രാമന്‍ അമിത വേഗതയില്‍ ഓടിച്ച കാര്‍ ഇടിച്ച് തെറിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മരിക്കുമ്പോള്‍ 37 വയസ്സായിരുന്നു ബഷീറിന്റെ പ്രായം. തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ സ്‌നേഹത്തോടെ കെ എം ബി എന്ന് വിളിച്ചിരുന്ന ഈ യുവാവ് സൗമ്യനും വലിയ ജനകീയനുമായ പത്രപ്രവര്‍ത്തകനുമായിരുന്നു. ചിരിക്കുന്ന മുഖത്തോടെയല്ലാതെ അദ്ദേഹത്തെ ആരും കാണുമായിരുന്നില്ല. ഇടപഴകിയവര്‍ക്കൊക്കെ നല്ല അനുഭവങ്ങള്‍ ബാക്കി വെച്ച അസാധാരണ വ്യക്തിത്വമായിരുന്നു ബഷീര്‍. പഠിക്കുമ്പോള്‍ സിറാജിന്റെ നാടായ ഇരിങ്ങാവൂര്‍ ലേഖകനായിരുന്നു. പിന്നീട് തിരൂര്‍ താലൂക്ക് ലേഖകനായി. 2 വര്‍ഷത്തിന് ശേഷം മലപ്പുറം ബ്യുറോയില്‍ എത്തി. പിന്നീട് പ്രമോഷനോടെ തിരുവനന്തപുരത്തും. കുറഞ്ഞ കാലത്തിനുള്ളില്‍ ബ്യുറോ ചീഫും യുനിറ്റ് ചീഫുമായി ബഷീര്‍ വളര്‍ന്നു. സാധാരണക്കാരുടെ ദുരിതങ്ങള്‍ വാര്‍ത്തയാക്കിയാണ് ബഷീറിലെ പത്രപ്രവര്‍ത്തകന്‍ സംതൃപ്തി കണ്ടെത്തിയിരുന്നത്. എല്ലാം തികഞ്ഞ പത്രപ്രവര്‍ത്തകനായി മാറിയ ബഷീര്‍ കൊല്ലത്തെ പത്രവുമായി ബന്ധപ്പെട്ട യോഗം കഴിഞ്ഞ് തീവണ്ടിയില്‍ തിരുവന്തപുരത്ത് എത്തി ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടവും മരണവും. കേരളീയ പൊതുസമൂഹത്തിന്റെയും മാധ്യമ സമൂഹത്തിന്റെയും നീറ്റലും നോവുമായി ആ അകാല വേര്‍പാട് ഇന്നും വേദനിപ്പിക്കുന്ന ഓര്‍മയാണ്.

തുടക്കം മുതല്‍ തന്നെ ഈ കേസ് അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടന്നിരുന്നു. അപകടസ്ഥലത്ത് ആദ്യമായി എത്തിയ മ്യുസിയം എസ്‌ഐ ജയപ്രകാശ് അര്‍ദ്ധരാത്രിയില്‍ അവിടെ കൂടിയവരോടൊക്കെ ഈ കേസില്‍ കൃത്യമായി സാക്ഷി പറയണമെന്നും അങ്ങനെ ചെയ്താല്‍ നിങ്ങളെല്ലാം ചരിത്രത്തിന്റെ ഭാഗമാവുമെന്നും ഓര്‍മ്മിപ്പിച്ചിരുന്നു. എന്നാല്‍ ശ്രീറാം വെങ്കിട്ടരാമന്റെ ഐഎഎസ് തിരച്ചറിയല്‍ കാര്‍ഡ് കണ്ടതോടെ അദ്ദേഹം പൊടുന്നനെ നിലപാട് മാറ്റുകയായിരുന്നു. അവിടെ കൂടിയവരോടെല്ലാം പെട്ടന്ന് പിരിഞ്ഞു പോകാനാണ് ആവശ്യപ്പെട്ടത്.ശ്രീറാമിന്റെ കൂടെയുണ്ടായിരുന്ന സ്ത്രീയെ വീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തു.ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന നടത്താനോ അയാളെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കാനോ ഒന്നിനും പോലിസ് തയ്യാറായില്ല. സ്വകാര്യ ആശുപത്രിയില്‍ പഞ്ചനക്ഷത്ര ചികില്‍സ നല്‍കാന്‍ അവസരമൊരുക്കുകയായിരുന്നു അവര്‍.

കേസില്‍ നിര്‍ണ്ണായകമായിരുന്ന രക്ത പരിശോധന മുടങ്ങിയത് മുതല്‍ തുടങ്ങുന്നു അട്ടിമറി. ഈ കേസ് വാഹനാപകടം മാത്രമാക്കി ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണ് പോലിസിന്റ ഭാഗത്ത് നിന്ന് അന്ന് മുതല്‍ നടന്ന് കൊണ്ടിരുന്നത്. കേസ് നേരം വൈകിക്കാനുള്ള ഗൂഢാലോചനകള്‍ ഇപ്പോഴും തുടരുന്നു.നിരവധി തവണ കോടതി സമന്‍സ് അയച്ചിട്ടും ഇയാള്‍ നേരിട്ട് ഹാജരായിരുന്നില്ല. അപകടസമയത്ത് വണ്ടി ഓടിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ ആണെന്ന് പറഞ്ഞ് രക്ഷപെടാനുള്ള ശ്രമം അവര്‍ തന്നെ പൊളിക്കുകയായിരുന്നു.

പോലിസിന്റെയും ഭരണകൂടത്തിന്റെയും ഒത്താശയോടെ ഈ കേസ് തേച്ച് മാച്ച് കളയാന്‍ ഐഎഎസ് ലോബി തന്നെ ശക്തമായി ഇറങ്ങി കളിച്ചുവെന്ന് സാരം. ഒരു വര്‍ഷം മാത്രമാണ് ശ്രീറാം വെങ്കിട്ടരാമന്‍ സസ്‌പെന്‍ഷനില്‍ കഴിഞ്ഞത്. വീണ്ടും നീട്ടാമായിരുന്ന സസ്‌പെന്‍ഷന്‍ ഉന്നതങ്ങളിലെ ഇടപെടല്‍ കാരണം ഇല്ലാതാവുകയായിരുന്നു. കൊലക്കേസിലെ പ്രതിക്ക് ഏതാനും ദിവസം മുന്‍പാണ് ആലപ്പുഴ കലക്ടര്‍ പദവി നല്‍കി സര്‍ക്കാര്‍ ആദരിച്ചത്. മറ്റ് ഐഎഎസുകാര്‍ പതിമൂന്നും പതിനഞ്ചും വര്‍ഷം കഴിഞ്ഞാണ് കലക്ടര്‍ ആവുന്നെതെങ്കില്‍ ശ്രീറാം ആലപ്പുഴ കലക്ടര്‍ ആയത് കേവലം ഒന്‍പത് വര്‍ഷത്തിനുള്ളിലായിരുന്നു. ഗുരുതരകേസില്‍ ഉള്‍പെടുന്നവരെ പ്രമോഷന്‍ നല്‍കി ഉന്നതസ്ഥാനങ്ങളില്‍ നിയമിക്കരുതെന്ന ചട്ടം നിലനില്‍ക്കുമ്പോഴാണ് ഈ സ്ഥാനാരോഹണം.കേരളീയ പൊതു സമൂഹവും മാധ്യമ പ്രവര്‍ത്തകരും രംഗത്ത് ഇറങ്ങിയതോടെ സര്‍ക്കാരിന് പിന്തിരിയേണ്ടി വന്നു.ഇനിയും നമ്മള്‍ കണ്ണിലെണ്ണ ഒഴിച്ച് കാത്തിരിക്കുന്നില്ലെങ്കില്‍ കോടതിയിലും കേസ് അട്ടിമറിക്കപ്പെട്ടേക്കാം.തിന്മയുടെ വക്താക്കള്‍ അതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ബഷീറിന്റെ ഘാതകര്‍ക്ക് ശിക്ഷ വാങ്ങിച്ച് കൊടുക്കാതെ വിട്ടുകൊടുക്കുകയില്ലെന്ന പ്രതിജ്ഞ നമ്മുക്ക് ഇന്ന് പുതുക്കാം.

ബഷീര്‍ പ്രമുഖ സൂഫി വര്യനായിരുന്ന പരേതനായ വടകര മമ്മദ് ഹാജി തങ്ങളുടെ മകനായിരുന്നു. ഭാര്യ ജസീലയും രണ്ട് മക്കളുമാണ് ഉള്ളത്.നാലാം ക്ലാസില്‍ പഠിക്കുന്ന ജന്നയും സ്‌കൂളില്‍ പോകാത്ത അസ്മി യുമാണവര്‍. ഉമ്മ തിത്താച്ചുമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.വാണിയന്നൂരിലെ മൂത്ത സഹോദരന്‍ താജുദ്ധീന്റെ വീട്ടിലാണ് ഇവരിപ്പോള്‍ കഴിയുന്നത്. ശ്രീറാമിനെ കലക്ടര്‍ ആക്കിയപ്പോള്‍ ഈ കേസിലും മുഖ്യമന്ത്രിയിലും വിശ്വാസം നഷ്ട്ടപെട്ടന്ന് സഹോദരന്‍ കെ അബ്ദുറഹിമാന്‍ പറഞ്ഞിരുന്നു. ഇപ്പോഴും നീതികിട്ടുമെന്ന് ഉറപ്പില്ലെന്നും അദ്ദേഹം തുറന്ന് പറയുന്നു.ശക്തമായ സമ്മര്‍ദ്ദമില്ലാതെ കേസ് ശരിയായ ദിശയില്‍ നീങ്ങുകയില്ലെന്നാണ് മറ്റൊരു സഹോദരനായ താജുദ്ധീന്‍ വ്യക്തമാക്കുന്നത്. ഉമ്മയെ കേസില്‍ കക്ഷിയാക്കുന്നതിനെ കുറിച്ചും ആലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പൊതു സമൂഹം ഈ കേസില്‍ നീതിയുടെ പക്ഷത്ത് നില്‍ക്കുന്നതിലുള്ള സന്തോഷവും കുടുംബാംഗങ്ങള്‍ പങ്കുവെക്കുന്നു.

Tags:    

Similar News