മൂന്നു വയസുകാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ്; മാതാവ് സന്ധ്യക്കെതിരേ കൊലക്കുറ്റം ചുമത്തി
കൊച്ചി: മൂന്നു വയസുകാരി കല്യാണിയെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ മാതാവ് സന്ധ്യക്കെതിരേ കൊലക്കുറ്റം ചുമത്തി. ചെങ്ങനാട് പോലിസ് ആണ് കൊലക്കുറ്റം ചുമത്തിയത്. കേസില്‍ മാതാവിനെ വിശദമായി ചോദ്യം ചെയ്യും. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.
ഇന്ന് പുലര്‍ച്ചെയാണ് അങ്കണവാടിയില്‍ നിന്ന് മാതാവിനൊപ്പം വീട്ടിലേക്ക് പോയ മൂന്നു വയസുകാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റക്കുഴി കിഴിപ്പിള്ളില്‍ സുഭാഷിന്റെ മകള്‍ കല്യാണിയുടെ മൃതദേഹമാണ് ഇന്നു പുലര്‍ച്ചെ രണ്ടരയോടെ മൂഴിക്കുളം പാലത്തിനടിയിലെ മൂന്നാമത്തെ തൂണിനു സമീപത്തു നിന്ന് കണ്ടെത്തിയത്. ആലുവയില്‍ നിന്നുള്ള ആറംഗ യുകെ സ്‌കൂബ സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി..
ഇന്നലെ വൈകിട്ട് നാലുമണിയോടെ മറ്റക്കുഴിയില്‍ നിന്ന് ആലുവ കുറുമശ്ശേരിയിലെ സന്ധ്യയുടെ വീട്ടിലേക്ക് സന്ധ്യയും കല്യാണിയും പോയിരുന്നു. മറ്റക്കുഴിയില്‍ നിന്നു തിരുവാങ്കുളം വരെ സന്ധ്യയും കുഞ്ഞും ഓട്ടോറിക്ഷയിലാണ് പോയത്. അവിടെ നിന്ന് ബസിലാണ് ആലുവയിലേക്ക് പോയത്. ആലുവ വരെ ബസില്‍ കുട്ടി ഒപ്പമുണ്ടായിരുന്നുവെന്നും പിന്നീട് കണ്ടില്ലെന്നാണ് സന്ധ്യ ആദ്യം പറഞ്ഞത്. പിന്നീടാണു മൂഴിക്കുളം പാലത്തിനടുത്തു വച്ച് കുട്ടിയെ കാണാതായി എന്നു പറഞ്ഞത്. തുടര്‍ന്നാണു പോലിസും സ്‌കൂബ സംഘവും പാലത്തിനടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയത്.
കൊലപാതകം കഴിഞ്ഞ് വീട്ടില്‍ എത്തിയിട്ടും യാതൊരു കൂസലുമില്ലാതെയാണ് സന്ധ്യ പെരുമാറിയത് എന്ന് ബന്ധുക്കള്‍ പറയുന്നു. കല്യാണിയെ കൊല്ലാന്‍ സന്ധ്യ മുന്നും ശ്രമിച്ചിട്ടുണ്ടെന്നാണ് വീട്ടുകാര്‍ പോലിസിന് മൊഴി നല്‍കിയിരിക്കുന്നത്. ഒരിക്കല്‍ കുട്ടിയ്ക്ക് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയിരുന്നു. അന്ന് ഇത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അവര്‍ കുഞ്ഞിനോട് ഐസ്‌ക്രീം കഴിക്കരുതെന്ന് പറഞ്ഞു. മറ്റൊരു ദിവസം ടോര്‍ച്ച് കൊണ്ട് യുവതി കല്യാണിയെ ഉപദ്രവിച്ചിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ കുടുംബപ്രശ്നമായി കണ്ട് രണ്ട് സംഭവങ്ങളും അധികമാരും അറിയാതെ അവസാനിപ്പിച്ചുവെന്നും കുടുംബം പുത്തന്‍കുരിശ് പോലിസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
