കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് അപകടം മൂന്ന് വയസുകാരന്‍ മരിച്ചു
നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കുറ്റിക്കല്‍ സ്‌കൂളിനോട് ചേര്‍ന്ന മതിലില്‍ ഇടിക്കുകയായിരുന്നു
കോട്ടയം: പാമ്പാടിയില്‍ കാര്‍ നിയന്ത്രണം വിട്ട് സ്‌കൂളിന്റെ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് വയസുകാരന്‍ മരിച്ചു. മല്ലപ്പള്ളി സ്വദേശികളായ ടിനു- മെറിന്‍ ദമ്പതികളുടെ മൂന്ന് വയസ്സുള്ള മകന്‍ കീത്ത് തോമസാണ് മരിച്ചത്. ആറ് പേര്‍ക്ക് പരിക്കേറ്റു. രണ്ട് കുട്ടികളടക്കം ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. പാമ്പാടി ഭാഗത്തുനിന്നും എത്തിയ കാര്‍ നിയന്ത്രണം നഷ്ടമായി റോഡില്‍ തെന്നിനീങ്ങി മതിലില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ എല്ലാവരേയും ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മാമോദീസാ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെയാണ് അപകടം. ദില്ലിയില്‍ സ്ഥിരതാമസമാക്കിയ കുടുംബം ഈ ചടങ്ങിനായാണ് നാട്ടിലേക്ക് എത്തിയത്.