കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പനി ബാധിച്ച് മരിച്ചത് മൂന്നുപേര്‍; പരിഭ്രാന്തിയില്‍ പിലിഭിത്തിലെ ഗ്രാമവാസികള്‍
ബിസാല്‍പൂര്‍: പിലിഭിത്തിലെ ബിസാല്‍പൂര്‍ തഹ്സിലിലെ റസിയ ഖാന്‍പൂര്‍ ഗ്രാമത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പനി ബാധിച്ച് മരിച്ചത് മൂന്നുപേര്‍. നിലവില്‍ 200 ലധികം പേര്‍ പനി ബാധിച്ച് ചികില്‍സയിലാണ്. മരണങ്ങളെ സര്‍ക്കാര്‍ ഗൗരവമായി എടുക്കുന്നില്ലെന്നും ഗ്രാമവാസികള്‍ ദുരിതത്തിലാണെന്നും പ്രദേശവാസികള്‍ പറയുന്നു.
കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ നൂറുകണക്കിന് ആളുകള്‍ക്ക് പനി പിടിപെട്ടിട്ടുണ്ടെന്ന് ഗ്രാമവാസികള്‍ പറയുന്നു. സ്ഥിതി ഗുരുതരമായപ്പോള്‍ രോഗികളെ ചികില്‍സയ്ക്കായി ബറേലിയിലേക്കും ഷാജഹാന്‍പൂരിലേക്കും കൊണ്ടുപോയി. ഗ്രാമത്തിലെ ക്ലിനിക്കുകളും രോഗികളെക്കൊണ്ട് നിറയാന്‍ തുടങ്ങി. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ഏഴുപേര്‍ പനി ബാധിച്ചുമരിച്ചു എന്നാണ് റിപോര്‍ട്ടുകള്‍.
ജില്ലയില്‍ അടുത്തിടെയുണ്ടായ കനത്ത മഴയും ഇതിനേതുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവുമാണ് പനി പടരാന്‍ കാരണം. വെള്ളപ്പൊക്കത്തിനുശേഷം വെള്ളക്കെട്ട് സാധാരണ നിലയിലായെങ്കിലും, അണുബാധകള്‍ വേഗത്തില്‍ പടരാന്‍ തുടങ്ങി. ഇത് വ്യാപകമായ രോഗങ്ങളിലേക്ക് നയിച്ചു. എന്നാല്‍ സര്‍ക്കാര്‍ രോഗാവസ്ഥയെ ഗൗരവമായി സമീപിക്കുന്നില്ലെന്നും ഇത് കൂടുതല്‍ മരണത്തിനിടയാക്കികൊണ്ടിരിക്കുകയാണെന്നും ആളുകള്‍ പറയുന്നു. രോഗത്തിന്റെ തോത് വര്‍ധിച്ചത് ആളുകളില്‍ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.