മുംബൈയില്‍ മോണോറെയില്‍ പരീക്ഷണ ഓട്ടത്തില്‍ അപകടം; ട്രെയിന്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്
മുംബൈ: മുംബൈയിലെ വഡാല ഡിപ്പോയില്‍ പരീക്ഷണ ഓട്ടത്തിനിടെ മോണോറെയില്‍ ട്രെയിനിന്റെ കോച്ച് പാളം തെറ്റി അപകടം. ട്രെയിന്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്നു ജീവനക്കാര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം
മോണോറെയില്‍ കോച്ച് പാളം തെറ്റി ബീമില്‍ ഇടിച്ചുകയറുകയായിരുന്നു. രണ്ടു ബീമുകള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന കോച്ചിന്റെ ഒരു വശം വായുവില്‍ തൂങ്ങിയ നിലയിലായിരുന്നു. അണ്ടര്‍ഗിയറുകള്‍, കപ്ലിങ്, ബോഗികള്‍, ചക്രങ്ങളുടെ കവറുകള്‍ തുടങ്ങിയ ഘടകങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
അതേസമയം, മോണോറെയില്‍ പ്രവര്‍ത്തിപ്പിക്കുന്ന മഹാ മുംബൈ മെട്രോ ഓപ്പറേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എംഎംഎംഒസിഎല്‍) അപകടത്തെ ''ചെറിയ സംഭവം'' എന്നാണ് വിശേഷിപ്പിച്ചത്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നു അധികൃതര്‍ അവകാശപ്പെട്ടുവെങ്കിലും, മൂന്നു ജീവനക്കാര്‍ക്ക് പരിക്കേറ്റതായും ആശുപത്രിയില്‍ ചികില്‍സ തേടിയതായും സിവില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു
സെപ്തംബര്‍ 20 മുതല്‍ സാങ്കേതിക തകരാറുകള്‍ മൂലം മോണോറെയില്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് പരീക്ഷണ ഓട്ടത്തിനിടയില്‍ പുതിയ അപകടം സംഭവിച്ചത്. ഹെവി ഡ്യൂട്ടി ക്രെയിനിന്റെ സഹായത്തോടെ കോച്ച് നീക്കം ചെയ്തുവെന്ന് അധികൃതര്‍ അറിയിച്ചു.