കല്യാണ്‍ ജ്വല്ലറി ഷോറൂം കൊള്ളയടിച്ച മൂന്നംഗ സംഘം പിടിയില്‍

Update: 2025-02-12 14:09 GMT

ന്യൂഡല്‍ഹി: ഡല്‍ഹി ലജ്പത്‌നഗറിലെ കല്യാണ്‍ ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഘത്തിലെ മൂന്നു പേര്‍ അറസ്റ്റില്‍. ഇവരില്‍ നിന്ന് ഒരു കോടി രൂപയുടെ ആഭരണങ്ങള്‍ പിടിച്ചെടുത്തതായി പോലിസ് അറിയിച്ചു. സുമിത് സോണി, മാണിക് കഡം, ശുഹൈബ് ലല്ല എന്നിവരാണ് പിടിയിലായിരിക്കുന്നത്. ജനുവരി 28ന് രാത്രിയാണ് ഷോറൂമില്‍ മോഷണം നടന്നത്. ഒന്നരക്കോടി രൂപ വിലവരുന്ന രത്‌നം പതിച്ച ആഭരണങ്ങളാണ് മോഷണം പോയത്.

മുഖംമൂടിയിട്ട്, ഗ്ലൗസ് ധരിച്ച ഒരാളാണ് കടയില്‍ കയറിയതെന്നാണ് സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നത്. മോഷണത്തിന് ശേഷം വാഷ്‌റൂമിന് സമീപത്തെ ജനല്‍ പൊളിച്ചാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. ജനുവരി 15ന് ഇയാളെന്നു തോന്നിക്കുന്ന ഒരാള്‍ കടയില്‍ കയറാന്‍ ശ്രമിച്ചു പരാജയപ്പെടുന്നതിന്റെ ദൃശ്യങ്ങളും പോലിസിന് ലഭിച്ചിരുന്നു.

ഹീറോ കമ്പനിയുടെ സ്‌പ്ലെന്‍ഡര്‍ ബൈക്കിലാണ് മോഷ്ടാവ് ലജ്പത് നഗര്‍ മെട്രോസ്‌റ്റേഷനു സമീപം എത്തിയതെന്ന് പോലിസ് പറഞ്ഞു. 500ല്‍ അധികം സിസിടിവി കാമറകള്‍ പരിശോധിച്ചപ്പോള്‍ ബൈക്കിന്റെ നമ്പര്‍ മനസിലായി. അനില്‍ ഗുപ്ത എന്നയാളുടേത് ആയിരുന്നു ബൈക്ക്. വഴിയില്‍ കണ്ട ഒരാളെ പണത്തിന് പകരം ലജ്പത് നഗര്‍ മെട്രോ സ്‌റ്റേഷനു സമീപം വിട്ടതായി അനില്‍ ഗുപ്ത പോലിസിനെ അറിയിച്ചു. തുടര്‍ന്ന് ആ സമയത്ത് പ്രദേശത്തുണ്ടായിരുന്ന മൊബൈല്‍ നമ്പറുകളെല്ലാം പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. ഇയാള്‍ ഉത്തരാഖണ്ഡിലെ ഋഷികേഷിലാണെന്നും മനസിലായി. അവിടെ ചെല്ലുമ്പോഴാണ് കൊള്ളസംഘത്തില്‍ മൂന്നുപേരുണ്ടായിരുന്നതെന്ന് പോലിസിന് മനസിലായത്. ഇതോടെ അവരെയും കൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.